ആന എഴുന്നള്ളിപ്പിനും മുരാരി സ്റ്റൈൽ തട്ടിപ്പ്

Friday 24 October 2025 12:45 AM IST

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുരാരി ബാബു ആന എഴുന്നള്ളിപ്പിലും വൻ തരികിട നടത്തിയിരുന്നതായി ആരോപണം. തിരുവിതാകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവത്തിന് സ്ഫെഷ്യൽ ഓഫീസറായി പ്രവർത്തിച്ചപ്പോഴുള്ള തട്ടിപ്പാണ് പുറത്തുവരുന്നത്. ആന എഴുന്നള്ളിപ്പിന്റെയും ഉത്സവ നടത്തിപ്പിന്റെയും മറവിലാണ് കമ്മിഷൻ ഏർപ്പാടിലൂടെ തട്ടിപ്പ് നടത്തിയതെന്നാണ് ആക്ഷേപം. കരയോഗം ഭാരവാഹിത്വവും എൻ.എസ്.എസ് നേതൃത്വത്തിന്റെ അടുപ്പക്കാരനെന്ന പിൻബലവും വഴി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വലിയ സ്വാധീനമുള്ളയാളാണ് മുരാരി ബാബു. വർഷങ്ങളായി പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ഉത്സവങ്ങൾക്ക് സ്ഥിരം സ്പെഷ്യൽ ഓഫീസറായിരുന്നു.

ആന എഴുന്നള്ളിപ്പിന്റെ ക്വട്ടേഷൻ ഏറ്രെടുക്കും. സ്പോൺസർമാരിൽനിന്ന് വലിയ 'ഏക്കത്തുക" കൈപ്പറ്റും. ആന ഉടമകൾക്ക് നാമമാത്ര തുകനൽകി ബാക്കി പോക്കറ്റിലാക്കുന്നതിലായിരുന്നു 'സ്പെഷ്യലൈസേഷൻ. പല ക്ഷേത്ര ഉത്സവങ്ങളിലേക്കും മുരാരി വഴി ബുക്കിംഗ് ലഭിക്കുമെന്നതിനാൽ വലിയ കമ്മിഷൻ കൊടുക്കാനും ആന ഉടമകൾ തയ്യാറായി.

ഏറ്റുമാനൂർ അസി.ദേവസ്വം കമ്മിഷണർ, വൈക്കം ഡെപ്യൂട്ടി കമ്മിഷണർ, തിരുനക്കര അസി. ദേവസ്വം കമ്മിഷണർ തുടങ്ങിയ സ്ഥാനങ്ങൾ മുരാരിബാബു വഹിച്ചിരുന്നു. വർഷങ്ങളായുള്ള ഉത്സവ നടത്തിപ്പിലൂടെ ആന ഉടമസ്ഥരുമായുള്ള അടുപ്പത്തിൽ ആനകളെ ബുക്ക് ചെയ്യുന്നതിന്റെ ചുമതല ഏറ്റെടുക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ആനകളുണ്ടെങ്കിലും ഉത്സവസമയത്ത് നീരെന്നും മറ്റും പറഞ്ഞ് ഒഴിവാക്കും. പകരം സ്വകാര്യവ്യക്തികളുടെ ആനകളെ എഴുന്നള്ളിക്കും. ഉത്സവ കമ്മിറ്റിക്കു പകരം മുഴുവൻ ആനകളുടെ ക്വട്ടേഷനും മുരാരി ഏറ്റെടുക്കും. ഓരോ ആനയ്ക്കും വലിയ തുക സ്പോൺസർഷിപ്പായി ഈടാക്കാറുണ്ട്. ആന ഉടമസ്ഥർക്ക് വാടക ഇനത്തിൽ എത്രകൊടുത്തുവെന്ന് അറിയാവുന്നത് മുരാരിക്കു മാത്രമാണ്.ഓരോ ദിവസവും ദേവന്റെ തിടമ്പേറ്റേണ്ടത് ഏത് ആന എന്നു തീരുമാനിക്കുന്നത് വരെ മുരാരിയായിരുന്നു. തിടമ്പേറ്റുക വലിയ അംഗീരം ആയതിനാൽ ആന ഉടമസ്ഥരിൽ നിന്ന് ഇതിന് വൻ തുക കോഴ വാങ്ങും. പണം കൊടുക്കാത്തവരുടെ ആനകളെ തിടമ്പേറ്റുകയോ ഇടം വലം നിറുത്തുകയോ ഇല്ല. ഓഫ് സീസണിൽ ഉത്സവം നടക്കുന്ന ക്ഷേത്രങ്ങളിലേക്ക് കുറഞ്ഞ ഏക്കത്തിന് ആനകളെ ബുക്ക് ചെയ്തിട്ട് വൻ തുക എഴുതിയെടുത്തിരുന്നതായും ആരോപണമുണ്ട്. ഉദയാസ്തമയ പൂജ,ഉത്സവ ബലി തുടങ്ങി ഒരാൾ വഴിപാടായി നടത്താറുള്ളത് ഒരു ദിവസം പലആളുകൾക്കും വീതിച്ചുനൽകിയും തട്ടിപ്പു നടത്തിയിരുന്നതായി പരാതി ഉയർന്നിട്ടുണ്ട്.