പി.​എം​ ​ശ്രീ​ക്ക് ​കൈ​കൊ​ടു​ത്തു, പോ​ര് ​ക​ടു​പ്പി​​​ക്കാ​ൻ​ ​സി​​.​പി​​.ഐ,​ കിട്ടുന്നത് 1500 കോടി

Friday 24 October 2025 12:21 AM IST

തിരുവനന്തപുരം: സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണെന്ന് ആരോപിച്ച് സി.പി.ഐ ഉയർത്തിയ കടുത്ത എതിർപ്പിനെ അവഗണിച്ച്

കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചു.

ഇന്നലെ സി.പി.ഐ സംസ്ഥാന കൗൺസിൽ ചേർന്ന് നിലപാടിൽ ഉറച്ചു നിൽക്കാനും സി.പി.എം ധാർഷ്ട്യത്തിന് കീഴ്പ്പെടരുതെന്നും തീരുമാനമെടുത്ത് മണിക്കൂറുകൾക്കുള്ളിൽ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കെ. വാസുകി ഡൽഹിയിൽ ധാരണാ പത്രത്തിൽ ഒപ്പുവയ്ക്കുകയായിരുന്നു. ഇതോടെ സി.പി.ഐ എന്തുനിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ പദ്ധതി പ്രകാരം കേരളത്തിന് അർഹതപ്പെട്ട 1500 കോടി ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. തമിഴ്നാടും പശ്ചിമ ബംഗാളും മാത്രമാണ് പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കുന്ന സംസ്ഥാനങ്ങൾ.

മുൻപ് പി.എം. ശ്രീ മന്ത്രിസഭ പരിഗണിച്ചെങ്കിലും സി.പി.ഐ മന്ത്രിമാരുടെ എതിർപ്പ് കാരണം മുഖ്യമന്ത്രി എൽ.ഡി.എഫിൽ ചർച്ച ചെയ്യാമെന്ന് പറഞ്ഞ് മാറ്റിവച്ചു.

എന്നാൽ അതുണ്ടായില്ലെന്നു മാത്രമല്ല,വിദ്യാഭ്യാസ വകുപ്പിനെ നടപടികളുമായി മുന്നോട്ടുപാേകാൻ അനുവദിക്കുകയും ചെയ്തു.

എം. ശ്രീയിൽ ഒപ്പു വയ്ക്കാത്തതിനെ തുടർന്ന് രണ്ട് വർഷമായി കേന്ദ്രം കേരളത്തിനുള്ള ഫണ്ട് തടഞ്ഞിരുന്നു. 2022 - 27 കാലയളവിലേക്കുള്ള പദ്ധതിയാണ് പി.എം. ശ്രീ.

336 സ്കൂളുകൾക്ക്

പ്രയോജനം

യൂണിഫോം, ശമ്പളം, പാഠപുസ്തകം തുടങ്ങിയവയ്ക്കാണ് ഫണ്ട്.

ഒരു ബ്ലോക് റിസോഴ്സ് സെന്ററിലെ രണ്ട് സ്കൂളുകൾ പി.എം ശ്രീ ആവും. കേരളത്തിൽ 168 ബി.ആർ.സികളുണ്ട്. 336 സ്കൂളുകൾക്ക് ഫണ്ട് ലഭിക്കും. ഒരു സ്കൂളിന് ഒരു വർഷം പരമാവധി ഒരു കോടിവരെ നൽകും. സംസ്ഥാനം 40 ശതമാനം വഹിക്കണം.

മുന്നണി മര്യാദയുടെ ലംഘനം:

ഇന്ന് സി.പി.ഐ നേതൃയോഗം

തിരുവനന്തപുരം : മുന്നണി മര്യാദയുടെ ലംഘനമെന്ന് വിലയിരുത്തിയ സി.പി.ഐ ഇന്ന് അടിയന്തര സെക്രട്ടേറിയറ്റ് യോഗം വിളിച്ചു. ഓൺലൈനായാണ് ചേരുക. തുടർന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാദ്ധ്യമങ്ങളോട് നിലപാട് വിശദീകരിക്കും. ഇന്നലെ പരസ്യപ്രതികരണത്തിന് തയ്യാറായില്ല. സമരരംഗത്തേക്ക് ഇറങ്ങാൻ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫും തീരുമാനിച്ചു.