ഇന്ധന വിപണി മുൾമുനയിൽ
റഷ്യൻ എണ്ണ വാങ്ങൽ കുറയ്ക്കാൻ ഇന്ത്യ
ആഗോള ക്രൂഡ് വില കുതിക്കുന്നു
ഡൊണാൾഡ് ട്രംപിന്റെ പുതിയ ഉപരോധം വെല്ലുവിളി
കൊച്ചി: റഷ്യയിലെ പ്രമുഖ എണ്ണക്കമ്പനികളായ റോസ്‌നെഫ്‌റ്റ്, ലുക്കോയിൽ എന്നിവയ്ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ ഉപരോധം പ്രഖ്യാപിച്ചതോടെ രാജ്യത്തെ ഇന്ധന വിപണിയിൽ അനിശ്ചിതത്വമേറുന്നു. ഉപരോധം കണക്കിലെടുത്ത് റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഇതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില മൂന്ന് ശതമാനം ഉയർന്ന് 65 ഡോളറായി. ഉക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയ്യാറാവാത്തിനാലാണ് ഉപരോധം ഏർപ്പെടുത്തുന്നതെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്റ് പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ റോസ്‌നെഫ്റ്റിൽ നിന്നും ക്രൂഡോയിൽ വാങ്ങാനുള്ള കരാർ മരവിപ്പിക്കുമെന്നും വാർത്തകളുണ്ട്. പ്രതിദിനം അഞ്ച് ലക്ഷം ബാരൽ ക്രൂഡോയിൽ റോസ്‌നെഫ്‌റ്റിൽ നിന്നും വാങ്ങുന്നതിനാണ് റിലയൻസ് ഇൻഡസ്ട്രീസ് കരാർ ഒപ്പുവച്ചത്. ജാംനഗർ റിഫൈനിംഗ് കോപ്ളക്സിലേക്ക് റഷ്യയിലെ സ്‌പോട്ട് വിപണിയിൽ നിന്നും റിലയൻസ് എണ്ണ വാങ്ങുന്നുണ്ട്.
എണ്ണ ലഭ്യതയെ ബാധിച്ചേക്കും
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ കുത്തനെ കുറയ്ക്കാനുള്ള തീരുമാനം സപ്ളൈ പ്രതിസന്ധി സൃഷ്‌ടിച്ചേക്കും. പൊതുമേഖല കമ്പനികളായ ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നിവ നേരിട്ട് റോസ്‌നെഫ്റ്റ്, ലുക്കോയിൽ എന്നിവരുടെ എണ്ണ വാങ്ങുന്നില്ല. ഇടനിലക്കാർ വഴിയാണ് പ്രധാനമായും ക്രൂഡ് എത്തുന്നത്. റഷ്യൻ എണ്ണയുടെ വരവ് നിലച്ചാൽ മദ്ധ്യേഷ്യ ഉൾപ്പെടെയുള്ള വിപണികളിൽ നിന്ന് കൂടുതൽ വാങ്ങേണ്ടിവരും.
ഓഹരികളിൽ ഇടിവ്
അമേരിക്കയുടെ റഷ്യൻ ഉപരോധം ലാഭക്ഷമതയിൽ ഇടിവുണ്ടാക്കുമെന്ന ആശങ്കയിൽ പൊതുമേഖല കമ്പനികളുടെ ഓഹരികൾ കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു. എച്ച്.പി.സി.എൽ, ബി.പി.സി.എൽ, ഐ.ഒസി, മാംഗ്ളൂർ റിഫൈനറി എന്നിവയുടെ ഓഹരി വില മൂന്ന് ശതമാനത്തിനടുത്ത് ഇടിഞ്ഞു.
ക്രൂഡ് വില വീണ്ടും 65 ഡോളറിൽ
എണ്ണക്കമ്പനികളുടെ ഓഹരി വിലയിലെ ഇടിവ്
കമ്പനി : ഓഹരി വില: ഇടിവ്
ഇന്ത്യൻ ഓയിൽ : 150.12 രൂപ 2.6 ശതമാനം
ബി.പി.സി.എൽ : 331.30 രൂപ 2.29 ശതമാനം
എച്ച്.പി.സി.എൽ : 440.7 രൂപ 3.23 ശതമാനം
റിലയൻസ് : 1,448.40 രൂപ 1.15 ശതമാനം