ടോപ് ഗിയറിൽ വാഹന വിൽപ്പന
ജി.എസ്.ടി ഇളവും ആനുകൂല്യങ്ങളും കുതിപ്പായി
തൃശൂർ: സംസ്ഥാനത്ത് വാഹന വിൽപ്പന കുതിച്ചുയരുന്നു. ജി.എസ്.ടി നിരക്കുകളുടെ ഇളവിന്റെ കരുത്തിൽ ഇത്തവണ വിൽപ്പന മുൻവർഷത്തെ 7.83 ലക്ഷം യൂണിറ്റുകൾ കവിഞ്ഞേക്കും. നിലവിൽ1.88 കോടി വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. വിൽപ്പനയിലെ വളർച്ച കണക്കിലെടുത്താൽ വാഹനങ്ങളുടെ എണ്ണം രണ്ടു വർഷത്തിനുള്ളിൽ രണ്ടു കോടി കവിയും.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളാണ് വിൽപ്പനയിൽ മുന്നിൽ. കഴിഞ്ഞ സാമ്പത്തിക വർഷം തിരുവനന്തപുരത്ത് 32,399 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. ഇതിൽ 10,074 ലൈറ്റ് മോട്ടോർ വാഹനങ്ങളും 18,803 ഇരുചക്ര വാഹനങ്ങളുമാണ്. എല്ലാ ജില്ലയിലും ഇരുചക്ര വാഹനങ്ങളാണ് കൂടുതൽ വിറ്റഴിക്കുന്നത്.
വാഹനസാന്ദ്രതയിൽ
നാലാം സ്ഥാനം
വാഹനസാന്ദ്രതയിൽ കേരളം ഇന്ത്യയിൽ നാലാം സ്ഥാനത്താണ്. 1,000 പേർക്ക് 427 വാഹനങ്ങളുണ്ട്. ചണ്ഡിഗഡാണ് മുന്നിൽ (1,000 പേർക്ക് 702). പുതുച്ചേരി (521), ഗോവ (476) എന്നിവ തൊട്ടുപിന്നിൽ.
പൊതുഗതാഗതത്തിൽ താത്പര്യം കുറയുന്നു
കൊവിഡിനുശേഷം പൊതുഗതാഗതത്തിന് പ്രിയം കുറയുകയാണ്. സ്വന്തമായി വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനയാണ് 2020ന് ശേഷമുണ്ടായത്. യാത്രക്കാർ കുറഞ്ഞതോടെ പൊതുഗതാഗത സൗകര്യങ്ങളും കുറഞ്ഞു.
ഗതാഗതക്കുരുക്ക് വലിയ ആശങ്കയാണ്. വാഹനങ്ങൾ കൂടുന്നതിനനുസരിച്ച് റോഡുകൾ വികസിക്കുന്നില്ല. പൊതുഗതാഗതം ശക്തിപ്പെടുത്തുകയാണ് ഏക പോംവഴി.
- പി.കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി. പാസഞ്ചേഴ്‌സ് അസോസിയേഷൻ
പുതുവാഹനങ്ങൾ
2024-25 (സെപ്തംബർ വരെ) .............. 7.83 ലക്ഷം 2023-24.............. 7.44 ലക്ഷം 2022-23.............. 7.91 ലക്ഷം
ജില്ലകളിലെ പുതുവാഹനങ്ങൾ
എറണാകുളം..... 24,640
കോഴിക്കോട്.......18,978