ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് സെമി ഫൈനലില്‍, ശക്തരായ ന്യൂസിലാന്‍ഡിനെ വീഴ്ത്തിയത് 53 റണ്‍സിന്

Thursday 23 October 2025 11:41 PM IST

നവി മുംബയ്: വനിതാ ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍. നിര്‍ണായക മത്സരത്തില്‍ ശക്തരായ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും അവസാന നാലില്‍ ഇടം നേടിയത്..മഴ നിയമപ്രകാരം 53 റണ്‍സിനാണ് ഇന്ത്യന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സ് നേടിയിരുന്നു. ഡിഎല്‍എസ് പ്രകാരം കിവീസിന്റെ വിജയം 44 ഓവറില്‍325 റണ്‍സ് ആയി പുനര്‍നിശ്ചയിച്ചിരുന്നു. എന്നാല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ.

വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന് വേണ്ടി ബ്രൂക് ഹാലിഡേ 81(84), വിക്കറ്റ് കീപ്പര്‍ ഇസബെല്‍ ഗെയ്‌സ് പുറത്താകാതെ 65*(51) എന്നിവര്‍ തിളങ്ങിയെങ്കിലും ജയത്തിലേക്ക് നയിക്കാന്‍ അത് മതിയാകുമായിരുന്നില്ല. ഓള്‍റൗണ്ടര്‍ അമേലിയ ഖേര്‍ 45(53), ഓപ്പണര്‍ ജോര്‍ജിയ പ്ലിമര്‍ 30(25), ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ 6(9), മാഡി ഗ്രീന്‍ 18(20), ജെസ് ഖേര്‍ 18(13), റോസ്‌മേരി മെയര്‍ 1(3) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ഇന്ത്യക്ക് വേണ്ടി രേണുക സിംഗ് ഠാക്കൂര്‍, ക്രാന്തി ഗൗഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ പ്രതിക റാവല്‍ 122(134), സ്മൃതി മന്ദാന 109(95) എന്നിവരുടെ സെഞ്ച്വറികളുടേയും അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ജെമീമ റോഡ്രിഗ്‌സ് 76(55) എന്നിവരുടേയും മികവിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 10(11) റണ്‍സ് നേടി പുറത്തായപ്പോള്‍ റിച്ച ഘോഷ് 4*(1) പുറത്താകാതെ നിന്നു. ന്യൂസിലാന്‍ഡിന് വേണ്ടി റോസ്‌മേരി മെയര്‍, സൂസി ബെയ്റ്റ്‌സ്, അമേലിയ ഖേര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.