ഫ്രഷ് കട്ട് സംഘർഷം: കൂടുതൽ അറസ്റ്റ് ഉടൻ
- ഡി.ഐ.ജി യതീഷ് ചന്ദ്ര താമരശ്ശേരിയിലെത്തി
താമരശ്ശേരി: ഫ്രഷ് കട്ട് സംഘർഷത്തിലെ പ്രതികളെ പിടികൂടാൻ കർശന നടപടികളുമായി പൊലീസ്. സമരസമിതി പ്രവർത്തകരായ 28 പേരെ പ്രതിചേർത്ത് പൊലീസ് പുതിയ കേസെടുത്തു. ഫ്രഷ് കട്ട് ജീവനക്കാരൻ രാജിന്റെ പരാതിയിലാണ് കേസ്.
കമ്പിവടിയടക്കമുള്ള മാരകായുധങ്ങൾ കൊണ്ട് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. പരിക്കേറ്റ, പ്ളാന്റിലെ ഒമ്പത് ജീവനക്കാരിൽ ഇലക്ട്രിക് വിഭാഗത്തിൽ ജോലി ചെയ്യുന്ന ശ്രീജിത്തിന്റെ തലയ്ക്കും കണ്ണിനും ഗുരുതര പരിക്കുണ്ട്.
സമരത്തിൽ പങ്കെടുത്ത ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് അക്രമത്തിന് നേതൃത്വം നൽകിയവരെ കണ്ടെത്താനാണ് ശ്രമം.
നടപടി കർശനമാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ഡി.ഐ.ജി യതീഷ് ചന്ദ്ര താമരശ്ശേരിയിലെത്തി സ്ഥിതിഗതി വിലയിരുത്തി. കൂടുതൽ പേരെ ഉടൻ കസ്റ്റഡിയിലെടുത്തേക്കും. അതേസമയം പ്ളാന്റ് തീവച്ചതിലും പൊലീസിനെ ആക്രമിച്ചതിലും പങ്കെടുത്തവരെ പിടികൂടാനായിട്ടില്ലെന്നാണ് വിവരം. സംഭവത്തിന് ശേഷം പലരും ഒളിവിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിലും കരിമ്പാലക്കുന്നിലെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. അഞ്ഞൂറിലധികം ആളുകൾക്കെതിരെയാണ് കേസ്. സ്ഥലത്തുണ്ടായിരുന്നവർ പകർത്തിയ വീഡിയോ ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പലരെയും പിടികൂടാൻ ശ്രമിക്കുന്നത്. അതേസമയം രാത്രി വീടുകളിൽ പൊലീസ് റെയ്ഡ് നടത്തുന്നതിൽ വ്യാപക പ്രതിഷേധമുണ്ട്.
എസ്.പി ആശുപത്രി വിട്ടു
സംഘർഷത്തിൽ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റൂറൽ എസ്.പി കെ.ഇ. ബെെജു ഇന്നലെ ആശുപത്രി വിട്ടു. കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ എ.എസ്.ഐ സൂരജ് ചികിത്സയിൽ തുടരുകയാണ്.
രണ്ടുപേർ പിടിയിൽ
താമരശ്ശേരി: താമരശ്ശേരിയിലെ ഫ്രഷ് കട്ട് കോഴിയറവ് മാലിന്യ പ്ളാന്റിനെതിരെയുള്ള സമരത്തിൽ പങ്കെടുത്ത രണ്ടുപേർ പൊലീസ് പിടിയിൽ. കൂടത്തായി ബസാർ ആലപ്പൊയിൽ ഹൗസിൽ അബ്ദുൽ റഷീദ് (53),താമരശ്ശേരി രാരോത്ത് ചുണ്ടക്കുന്ന് കിണറുള്ളകണ്ടി ഹൗസിൽ ഭാവൻകുട്ടി കെ.എൻ (71) എന്നിവരെയാണ് താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാവൻകുട്ടി പൊതുപ്രവർത്തകനും ആംആദ്മി പാർട്ടി മണ്ഡലം സെക്രട്ടറിയുമാണ്. പ്ളാന്റ് തീവച്ചതിലും പൊലീസിനെ അക്രമിച്ചതിലും ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പേരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി കരിമ്പാലക്കുന്ന് പ്രദേശത്ത് രാത്രിയും വീടുകളിൽ തെരച്ചിൽ നടത്തി. സംയുക്ത സമര സമിതി പ്രവർത്തകർക്കെതിരെയും പുതിയ കേസെടുത്തിട്ടുണ്ട്. അഞ്ഞൂറിലധികം പേർക്കെതിരെയാണ് കേസ്. ഉത്തര മേഖല ഡി.ഐ.ജി യതീഷ് ചന്ദ്ര ഇന്നലെ താമരശ്ശേരിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം,അക്രമികളെ കണ്ടെത്താൻ സ്ത്രീകളുള്ള വീടുകളിലും രാത്രി പൊലീസ് തെരച്ചിൽ നടത്തിയത് പ്രതിഷേധത്തിനിടയാക്കി. ഇതിനെതിരെ യു.ഡി.എഫ് ഇന്നലെ പ്രതിഷേധ ധർണയും നടത്തി. അതിനിടെ അക്രമത്തിന് നേതൃത്വം നൽകിയത് എസ്.ഡി.പി.ഐയാണെന്ന് സി.പി.എം ജില്ലാനേതൃത്വം ആരോപിച്ചത് വിവാദമായി. സംഘർഷത്തിൽ പരിക്കേറ്റ റൂറൽ എസ്.പി കെ.ഇ ബെെജു ഇന്നലെ ആശുപത്രി വിട്ടു.
സമരത്തെ അവഗണിച്ചത് വിനയായി: യൂത്ത് കോൺ. താമരശ്ശേരി: ഫ്രഷ് കട്ട് കമ്പനിയുടെ ദുരിതം പേറി നിരന്തരം സമരം ചെയ്ത ജനങ്ങളെ സർക്കാർ അവഗണിച്ചത് അരക്ഷിതാവസ്ഥയുണ്ടാക്കിയന്ന് യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ കമ്പനിയുമായി ഒത്തുകളിച്ചെന്ന ആരോപണമുയർന്നിട്ടും അന്വേഷിച്ചില്ല. ഒരു ഭാഗത്ത് സമരവും മറു ഭാഗത്ത് കമ്പനിയും നടക്കട്ടെയെന്ന സർക്കാർ മനോഭാവം ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുകയാണ്. സമരത്തിന് യൂത്ത് കോൺഗ്രസ് പിന്തുണ തുടരും. എം.പി. സി ജംഷിദ് അദ്ധ്യക്ഷത വഹിച്ചു.
'കുഴപ്പമുണ്ടാക്കിയത് ഡി.വൈ.എഫ്.ഐ ' കോഴിക്കോട്: ഫ്രഷ് കട്ട് സമരത്തിൽ ക്രിമിനലുകൾ നുഴഞ്ഞുകയറിയത് ശരിയാണെന്നും സി.പി.എം പറയുന്നതുപോലെ എസ്.ഡി.പി.ഐ അല്ല, ഡി.വൈ.എഫ്.ഐ ക്രിമിനലുകളാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ് പറഞ്ഞു. സമരത്തോടുള്ള സി.പി.എം നിലപാട് ജനവിരുദ്ധമാണ്. വാർത്ത സമ്മേളനത്തിൽ മുസ്തഫ കൊമ്മേരി, ജലീൽ സഖാഫി, വാഹിദ് ചെറുവറ്റ, കെ.ഷെമീർ, എ.പി. നാസർ തുടങ്ങിയവർ പങ്കെടുത്തു.
74പേരെ തിരിച്ചറിഞ്ഞതായി ഡി.ഐ.ജി
താമരശ്ശേരി: താമരശ്ശേരി ഫ്രഷ് കട്ട് കോഴിയറവ് മാലിന്യ സംസ്കരണ പ്ളാന്റിലേക്ക് നടന്ന സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട 74പേരെ തിരിച്ചറിഞ്ഞതായി ഉത്തരമേഖല ഡി.ഐ.ജി യതീഷ്ചന്ദ്ര പറഞ്ഞു. ഇതിനിടെ കസ്റ്റഡിയിലെടുത്ത രണ്ടുപേർക്കെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ല. സമരത്തിൽ ഛിദ്രശക്തികളുടെ സ്വാധീനത്തെക്കുറിച്ച് അറസ്റ്റ് ചെയ്യുമ്പോൾ അറിയാം. പ്രതികളെ കണ്ടെത്താൻ വീടുകളിൽ പരിശോധന നടത്തിയേ പറ്റൂ. വീഡിയോ ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ച് ഉറപ്പുവരുത്തും. ഡി.വെെ.എഫ്.ഐ ബ്ളോക്ക് പ്രസിഡന്റ് മെഹറൂഫിനെ പ്രതിയാക്കിയ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, തെളിവില്ലാതെ അങ്ങനെ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.