'ശാപമോക്ഷം കാത്ത്' കുലശേഖരനല്ലൂർ ഏലാ റോഡ്

Friday 24 October 2025 12:57 AM IST
ശാപമോക്ഷം കാത്തു കിടക്കുന്ന കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലെ കുലശേഖരനല്ലൂർ ഏലാ റോഡ്

കൊട്ടാരക്കര: കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിൽ കുലശേഖരനല്ലൂർ ഏലാ റോഡിലേക്ക് തിരിഞ്ഞ ഒരു ഓട്ടോറിക്ഷ പെട്ടെന്ന് നിന്നു. "ചേട്ടാ, ഈ കുഴിയിൽ വണ്ടിയിറക്കിയാൽ വീട്ടിലെത്തുന്നതിനു മുൻപേ ഡോക്ടറെ കാണേണ്ടി വരും! ഡ്രൈവർ യാത്രക്കാരനോട് പറഞ്ഞു. നഗരസഭ അവഗണിച്ച ഈ റോഡ് അരനൂറ്റാണ്ടായി തകർന്നു കിടക്കുകയാണ്; ആംബുലൻസിനു പോലും പ്രവേശനമില്ല. ഗതാഗതയോഗ്യമല്ലാത്ത ഈ റോഡ് അടിയന്തര പുനരുദ്ധാരണം കാത്തിരിക്കുകയാണ്.

ദുരിതത്തിലാക്കി റോഡ്

പ്രിൻസ് ജ്വല്ലറിക്കും മാർജിൻ ഫ്രീ മാർക്കറ്റിനും മദ്ധ്യേയാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. മെഡിക്കൽ സ്റ്റോർ, ടൗണിലെ ആദ്യത്തെ പൊടിപ്പുമില്ല്, പ്രിന്റിംഗ് പ്രസ്, പടക്കക്കട തുടങ്ങിയ സ്ഥാപനങ്ങൾക്ക് പുറമേ പ്രായധിക്യമുള്ളവരും രോഗികളുമുൾപ്പെടെ നിരവധി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. നഗരസഭയുടെ മറ്റ് റോഡുകൾ ഗതാഗതയോഗ്യമാക്കുമ്പോഴും ഈ റോഡിനെ മാത്രം പരിഗണിക്കാത്തതിൽ ശക്തമായ പ്രതിഷേധമുണ്ട്.

സുരക്ഷാ ഭീഷണിയും ഗതാഗത തടസവും

പടക്കക്കടയും ഫ്ലവർമില്ലും സ്ഥിതി ചെയ്യുന്ന ഈ റോഡിൽ അടിയന്തര സാഹചര്യങ്ങളിൽ ഫയർഫോഴ്‌സ് വാഹനത്തിനോ ആംബുലൻസിനോ കടന്നു വരാനുള്ള സൗകര്യമില്ല. വീതി കുറഞ്ഞ റോഡിൽ വർഷങ്ങൾ പഴക്കമുള്ളതും തകർന്നതുമായ സ്ലാബുകളാണ് പാകിയിരിക്കുന്നത്. സ്ലാബുകൾ തകർന്ന നിലയിലായതിനാൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാൻ സാധിക്കുന്നില്ല.

ഈ റോഡ് റീടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയാൽ സമീപമുള്ള കുലശേഖരനല്ലൂ‌ർ ക്ഷേത്രത്തിലേക്കും താലൂക്കാശുപത്രിയിലേക്കും പോകാൻ എളുപ്പമാണ്. അധികൃത‌ർ നടപടിയെടുക്കണം.

പ്രദേശവാസികൾ