സർജറി വേണോ, സ്പോർട്സ് വേണോ... ദേവനന്ദയുടെ നിശ്ചയദാർഢ്യം പൊന്നായി

Friday 24 October 2025 12:57 AM IST

തിരുവനന്തപുരം: സർജറി വേണോ,ഓട്ടം വേണോയെന്ന് ചോദിച്ച ഡോക്‌ടറോട്, ഓട്ടംമതിയെന്ന് പറഞ്ഞ് ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നിറങ്ങിയ ദേവനന്ദ വി.ബിജു രണ്ട് മണിക്കൂറിന് ശേഷം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ 100 മീറ്ററിൽ മിന്നൽപ്പിറായിനേടിയ സ്വർണത്തിന് വജ്രതിളക്കം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ പോരാട്ടത്തിൽ അപ്പൻഡിസൈറ്റിസിനെ തുടർന്നുള്ള കടുത്ത വേദന കടിച്ചമർത്തി 12.45 സെക്കൻഡിൽ ഫിനിഷ് ചെയ്‌താണ് കോഴിക്കോട് പുല്ലൂരാപാറ സെന്റ് ജോസഫ് എച്ച്.എസിലെ ദേവനന്ദ പൊന്നണിഞ്ഞത്.

രാവിലെ ഹീറ്റ്‌സിൽ മികച്ച സമയം കുറിച്ച് ഫൈനലുറപ്പിച്ച ശേഷം വയറുവേദന കലശലായതിനെ തുടർന്നാണ് ദേവനന്ദ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ഡോക്ടർ ശസ്ത്രക്രിയയാണ് നിർദ്ദേശിച്ചത്. എന്നാൽ തന്റെ ലക്ഷ്യം നേടാനായി എല്ലാം ദൈവത്തിൽ അർപ്പിച്ച് ദേവനന്ദ ഓടാൻ തീരുമാനിക്കുകയായിരുന്നു. വേദനകാരണം നല്ല സ്റ്റാർട്ടിംഗ് കിട്ടിയില്ലെങ്കിലും ഫിനിഷിംഗ് പോയിന്റിനോട് അടുത്തപ്പോൾ മഴയിൽ കുതിർന്ന ട്രാക്കിൽ ദേവനന്ദ കൊള്ളിയാനായി മാറി. കോഴിക്കോട് ജില്ലാ സ്കൂൾ കായിക മേളയിൽ സംസ്ഥാന റെക്കാഡിനെ മറികടന്ന പ്രകടനം പുറത്തെടുത്ത് 12.06 സെക്കൻഡിൽ ഫിനിഷ് ചെയ്ത ദേവനന്ദയ്ക്ക് തിരുവനന്തപുരത്ത് ആപ്രകടനം പുറത്തെടുക്കാനായില്ലല്ലോയെന്ന സങ്കടം മാത്രം. ഇനി 200 മീറ്ററിലും മത്സരമുണ്ടെങ്കിലും ഇന്ന് രാവിലെ മെഡിൽക്കൽ കോളേജിലെത്തി ഡോക്ടറുടെ അഭിപ്രായം അറിഞ്ഞശേഷമേ പങ്കെടുക്കണമോയെന്ന് തീരുമാനിക്കൂ.

സംസ്ഥാന സ്കൂൾ കായികമേളയിൽ പുല്ലൂരാംപാറയ്ക്ക് നാല് വർഷത്തിന് ശേഷം ലഭിക്കുന്ന ആദ്യ മെഡൽ കൂടിയാണിത്. സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റിലും ദേവനന്ദ സ്വർണം നേടിയിരുന്നു. മലബാർ സ്പോർട്സ് അക്കാഡമിയിലെ അനന്തുവാണ് ദേവനന്ദയുടെ കോച്ച്. കോഴിക്കോട് കുറ്റിയാടി സ്വദേശിയായ ദേവവന്ദയുടെ പിതാവ് ബിജു ബാർബറാണ്. അമ്മ വിജിത.

ശസ്ത്രക്രിയയ്‌ക്കുള്ള പണം കണ്ടെത്തണം

രണ്ടാഴ്‌ച മുൻപ് വയറുവേദനയെ തുടർന്ന് ഡോക്‌ടറെ കണ്ട് നടത്തിയ പരിശോധനയിലാണ് അപ്പൻഡിസൈറ്റിസാണെന്ന് കണ്ടെത്തിയത്. ശസ്ത്രക്രിയ വേണമെന്ന് ഡോക്‌ടർ നിർദ്ദേശിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ജില്ലാമീറ്റിലും മത്സരിച്ചത്. ശസ്ത്രക്രിയയ്ക്കുള്ള പണം ഇപ്പോഴും ശരിയായിട്ടില്ല. ഇതുവരെയുള്ള കാര്യങ്ങൾക്ക് സ്പോൺസർ ചെയ്ത എച്ച്.ആർ.ഡി.എസ് ക്ലബിനെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. ഉടൻ ശസ്ത്രക്രിയ നടത്തി ദേശീയ മീറ്റിന് മുമ്പ് സുഖം പ്രാപിക്കണമെന്ന ആഗ്രഹത്തിലാണ് ദേവനന്ദ. അതിന് കൂടുതൽ പണം ആവശ്യമായതിനാൽ മറ്റ് സുമനസുകളുടെ സഹായവും തേടുന്നുണ്ട്.