ഓവറാൾ പോയിന്റ് നില മുന്നിൽ തിരുവനന്തപുരം തന്നെ

Friday 24 October 2025 1:02 AM IST

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾകായികമേളയിൽ തിരുവനന്തപുരം തേരോട്ടം തുടരുന്നു. 967 പോയിന്റുമായി ബഹുദൂരം മുന്നിലാണ് ആതിഥേയർ. 109 സ്വർണം,81 വെള്ളി, 109 വെങ്കലം എന്നിങ്ങനെയാണ് തിരുവനന്തപുരത്തിന്റെ സമ്പാദ്യം. ഗെയിംസിലേയും നീന്തൽ കുളത്തിലെ കരുത്തിലാണ് ഈ കുതിപ്പ്. 336 പോയിന്റാണ് സ്വിമ്മിംഗ് പൂളിൽ നിന്ന് വാരിയത്. ഗെയിംസിൽ നിന്ന് 626 പോയിന്റും നേടി.

തൃശൂരാണ് രണ്ടാമത്. 449 പോയിന്റ്. 48 സ്വർണം, 25 വെള്ളി, 57 വെങ്കലം എന്നിങ്ങനെയാണ് തൃശൂരിന്റെ മെഡൽനില. തൃശൂരിന് വെല്ലുവിളി ഉയർത്തി കണ്ണൂർ തൊട്ടുപിന്നിലുണ്ട്. 39 സ്വർണം,49 വെള്ളി, 56 വെങ്കലമടക്കം 426 പോയിന്റാണ് കണ്ണൂരിന്. ഗെയിംസിലെ മികവാണ് കണ്ണൂരിനെ മൂന്നാംപടിയിൽ എത്തിച്ചത്.

അത്‌ലറ്റിക്‌സിന്റെ ആദ്യദിനം തന്നെ പാലക്കാടൻ കുതിപ്പിനാണ് തലസ്ഥാനം സാക്ഷിയായി. അഞ്ച് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവുമടക്കം 38 പോയിന്റ്. തൊട്ടപിന്നിലുള്ള കോഴിക്കോടിന് വെറും 13 പോയിന്റ് മാത്രമാണുള്ളത്. രണ്ട് സ്വർണവും ഒരു വെള്ളിയുമാണ് കോഴിക്കോടിന്റെ സമ്പാദ്യം. മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്. 10 പോയിന്റ്. ഒന്ന് വീതം സ്വർണവും വെള്ളിയും രണ്ട് വെങ്കലുമാണ് ആദ്യദിനം മലപ്പുറത്തിന് ട്രാക്കിൽ നിന്ന് നേടാനായത്.

സ്‌കൂളുകളിൽ പാലക്കാട് മുണ്ടൂർ എച്ച്.എസും കോഴിക്കോട് സെന്റ് ജോസഫ് എച്ച്.എസ്.എസ്. പുല്ലൂരാമ്പാറയുമാണ് ഒന്നാം സ്ഥാനത്ത്. 13 പോയിന്റുകൾ. പാലക്കാടിന്റെ പറളി എച്ച്.എസും തിരുനാവായ നാവമുകുന്ദ എച്ച്.എസ്.എസുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.