കെ.പി.സി.സിക്ക് നൂറ് സെക്രട്ടറിമാർ, ശരത്ചന്ദ്ര പ്രസാദ് തിരുവനന്തപുരം ഡി.സി.സി അദ്ധ്യക്ഷൻ
തിരുവനന്തപുരം: എൻ. ശക്തൻ രാജിവച്ച ഒഴിവിൽ മുൻ എം.എൽ.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ ടി. ശരത്ചന്ദ്ര പ്രസാദിനെ തിരുവനന്തപുരം ഡി.സി.സിയുടെ താത്കാലിക അദ്ധ്യക്ഷനാക്കാൻ കോൺഗ്രസിൽ ധാരണ. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെയാകും ചുമതല. കെ.പി.സി.സി സെക്രട്ടറിമാരായി 100 പേരെ നിയമിക്കാനും ധാരണയായി. ജനറൽ സെക്രട്ടറിമാരായി 59 പേരെ നിയമിച്ചതിന് പിന്നാലെയാണ് കെ.പി.സി.സി സെക്രട്ടറിമാരുടേയും ജംബോ പട്ടിക തയ്യാറാക്കിയത്.
കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ സാന്നിദ്ധ്യത്തിൽ നാലു മണിക്കൂറോളം ചർച്ച നടത്തിയാണ് ധാരണയിലെത്തിയത്. പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ എം.പി എന്നിവരുൾപ്പെടെയുള്ള നേതാക്കളുമായും ഫോണിൽ ചർച്ച നടത്തി.
കെ.പി.സി.സി സെക്രട്ടറിമാരുടെ ജംബോ പട്ടിക ഹൈക്കമാൻഡിന്റെ പരിഗണനയ്ക്ക് സമർപ്പിക്കും. വൈകാതെ ഹൈക്കമാൻഡിൽ നിന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരത്ത് സ്ഥിരം ഡി.സി.സി പ്രസിഡന്റിനെയും നിയമിക്കും.
പാർട്ടിക്കെതിരായ വിവാദ പ്രസ്താവനയെത്തുടർന്ന് പാലോട് രവിക്ക് രാജിവയ്ക്കേണ്ടി വന്നപ്പോഴാണ് ശക്തനെ ഡി.സി.സി അദ്ധ്യക്ഷനാക്കിയത്. പത്തുദിവസത്തേക്ക് എന്നുപറഞ്ഞ് ഏൽപ്പിച്ച ചുമതലയിൽ നിന്ന് മൂന്നുമാസമായിട്ടും മാറ്റിയില്ലെന്ന് ശക്തൻ പരാതിപ്പെട്ടിരുന്നു.
സതീശൻ നിർദ്ദേശിച്ചത്
ചെമ്പഴന്തി അനിലിനെ
കെ.പി.സി.സി സെക്രട്ടറിമാരുടെ കാര്യത്തിൽ ഒരുവിധം തീരുമാനമാക്കിയെങ്കിലും തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നിയമനക്കാര്യത്തിൽ ചർച്ച അല്പനേരം വഴിമുട്ടി. ചെമ്പഴന്തി അനിലിനെ ഡി.സി.സി അദ്ധ്യക്ഷനാക്കണമെന്ന് വി.ഡി. സതീശൻ ശക്തമായ നിലപാടെടുത്തു. എന്നാൽ, കെ.പി.സി.സി തലത്തിൽ പ്രധാനപ്പെട്ട ചുമതലകൾ വഹിച്ചിട്ടില്ലാത്ത ഒരാളെ നിർണായക തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ തിരുവനന്തപുരം ഡി.സി.സിയുടെ അദ്ധ്യക്ഷനാക്കുന്നത് ഗുണകരമാവില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു. ചർച്ച എങ്ങുമെത്താതായ ഘട്ടത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ ശരത്ചന്ദ്ര പ്രസാദിന് താത്കാലിക ചുമതല നൽകാൻ ധാരണയായത്.