ശബരിമല: മേൽശാന്തിമാരുടെ സഹായികളുടെ വിവരമറിയിക്കണം

Friday 24 October 2025 1:08 AM IST

കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സഹായികളായെത്തുന്നവരുടെ സമ്പൂർണ വിവരങ്ങളും തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡവും അറിയിക്കാൻ ഹൈക്കോടതി ഉത്തരവ്. സഹായികൾ എത്രപേർ, ആരെല്ലാം, വർഷങ്ങളായി തുടരുന്നവരുണ്ടോ, പൊലീസ് വെരിഫിക്കേഷനടക്കം നടത്തുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ 31ന് സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡിനോട് നിർദ്ദേശിച്ചു. ബോർഡിന് നിലവിൽ ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും ജസ്റ്റിസ് വി. രാജ വിജയരാഘൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വാദത്തിനിടെ പരാമർശിച്ചു.

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം സ്വമേധയാ എടുത്ത ഹർജിയാണ് പരിഗണനയിലുള്ളത്. മേൽശാന്തി നിയമന നടപടികൾ സുതാര്യതയോടെ പൂർത്തിയാക്കിയതായി ദേവസ്വം അഭിഭാഷകൻ അറിയിച്ചപ്പോഴാണ് കോടതി സഹായികളെക്കുറിച്ചുള്ള ചോദ്യമുന്നയിച്ചത്. 20 സഹായികളെങ്കിലും ഉണ്ടാകുമെന്നും അതത് വർഷങ്ങളിലെ മേൽശാന്തിമാരാണ് ഇവരെ കണ്ടെത്തുന്നതെന്നും ബോർഡ് വിശദീകരിച്ചു. മേൽശാന്തിമാർക്ക് ഓണറേറിയം മാത്രമാണ് ബോർഡ് നൽകുന്നത്. സഹായികൾക്ക് പ്രതിഫലമില്ലെന്നും അറിയിച്ചു.

നിർണായക നീക്കം

മേൽശാന്തിമാരുടെ സഹായിമാരെ കണ്ടെത്തുന്ന മാനദണ്ഡം കോടതിക്കും അറിയണമെന്ന് ദേവസ്വംബെഞ്ച് പറഞ്ഞു. ഇവർക്ക് ബോർഡിനോട് ഉത്തരവാദിത്വമുണ്ടോ? അല്ലാത്തപക്ഷം ബോർഡ് കുഴപ്പത്തിലാകില്ലേയെന്നും വാക്കാൽ ചോദിച്ചു. ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നേരത്തേ കീഴ്‌ശാന്തിയുടെ സഹായിയായി പ്രവർത്തിച്ചിരുന്നുവെന്ന വിവരം പുറത്തുവരുന്ന സാഹചര്യത്തിൽ കോടതിയുടെ നീക്കം നിർണായകമാണ്.