ഗവ. സ്കൂളിൽ നിന്ന് പാവങ്ങൾക്ക് 10 ലക്ഷത്തിന്റെ പുതുവസ്ത്രം, കൈകോർത്തത് എൻ.എസ്.എസ് യൂണിറ്റും വ്യാപാരികളും
തൊടുപുഴ: ഗവ.സ്കൂളിൽനിന്ന് സൗജന്യമായി പാവപ്പെട്ടവരുടെ കൈകളിലെത്തിയത് പത്തുലക്ഷത്തോളം രൂപ വില വരുന്ന പുതുവസ്ത്രങ്ങളും ചെരുപ്പുകളും. കാരുണ്യത്തിന്റെ പാഠം പകർന്നു നൽകാൻ
വാഴത്തോപ്പ് വഞ്ചിക്കവല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റാണ് ഈ മാർഗം തിരഞ്ഞെടുത്തത്. എൻ.എസ്.എസ് യൂണിറ്റുകളിൽ നടപ്പാക്കുന്ന മാനസഗ്രാമം പദ്ധതി ഇവർ വേറിട്ട രീതിയിൽ സഫലമാക്കുകയായിരുന്നു.
പ്രോഗ്രാം ഓഫീസർ എ.എം. അനിൽ കുമാറാണ് ആശയം മുന്നോട്ടുവച്ചത്. പ്രിൻസിപ്പൽ ജോമി ജോസഫ് പൂർണ പിന്തുണ നൽകിയതോടെ സാധനങ്ങൾ ശേഖരിക്കാൻ കുട്ടികൾ ഇറങ്ങി. ടൗണുകളായ ചെറുതോണി, കട്ടപ്പന, അടിമാലി എന്നിവിടങ്ങളിലെ വ്യാപാരികൾ വസ്ത്രങ്ങളും ചെരുപ്പുകളും നൽകാൻ തയ്യാറായി. തികയാതെ വന്നാൽ വീണ്ടും നൽകാമെന്ന് വാഗ്ദാനം ചെയ്തു. അർഹരായ ഗുണഭോക്താക്കളുടെ വിവരങ്ങൾ പഞ്ചായത്ത് അംഗങ്ങൾ വഴിശേഖരിച്ചതോടെ പദ്ധതിക്ക് ജനകീയ മുഖം കൈവന്നു. സെപ്തംബർ 29ന് രാവിലെ 10 മുതൽ നാല് വരെ സ്‌കൂൾ ഓഡിറ്റോറിയത്തിലായിരുന്നു വിതരണം.
1100 പേരാണ് സ്കൂളിലെത്തിയത്. നേരിട്ടെത്താൻ കഴിയാതിരുന്ന കിടപ്പുരോഗികൾക്കും അനാഥാലയങ്ങളിലെ അന്തേവാസികൾക്കും അവിടെ എത്തിച്ച് നൽകി. ഇടുക്കി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രായഭേദമെന്യേ ആവശ്യക്കാർ എത്തി.
സ്‌കൂളിൽ തുണിക്കട ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനായി സ്കൂളിൽ തുണിക്കട ഒരുക്കി. പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ, ആൺകുട്ടികൾ, പെൺകുട്ടികൾ എന്നിങ്ങനെ വിഭാഗങ്ങൾ തിരിച്ചാണ് സജ്ജമാക്കിയത്. ചെരുപ്പിനായി മറ്റൊരു വിഭാഗവും.
കട നിയന്ത്രിച്ചത് അദ്ധ്യാപകരുടെ നിർദ്ദേശാനുസരണം 96 അംഗ എൻ.എസ്.എസ് വോളന്റിയർമാരാണ്. വസ്ത്രങ്ങൾ ഹാങ്കറിലും ഡെസ്‌കിലുമായി ചിട്ടയോടെ അടുക്കി. വരുന്നവർക്ക് ഇഷ്ടമുള്ള നിറത്തിലും അളവിലും സാധനങ്ങൾ തിരഞ്ഞെടുക്കാം. ടോക്കൺ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം.ഒരു ജോഡിയാണ് ഉദ്ദേശിച്ചതെങ്കിലും ഒന്നിലധികം ജോഡി എടുത്തവരുമുണ്ട്.
കുട്ടികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും സഹജീവി സ്‌നേഹവും വളർത്തുകയായിരുന്നു ലക്ഷ്യം"
-എ.എം. അനിൽകുമാർ
(എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ)