മാലിന്യ സംസ്‌കരണം സൗന്ദര്യവൽക്കരണത്തിലൂടെ: കൊണ്ടോട്ടി നഗരസഭയുടെ സമഗ്ര പദ്ധതി യാഥാർത്ഥ്യമായി

Friday 24 October 2025 1:11 AM IST

കൊണ്ടോട്ടി: മാലിന്യ സംസ്‌കരണം പൗരാവബോധത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടോട്ടി നഗരസഭ ആവിഷ്‌കരിച്ച സമഗ്ര ശുചിത്വ പദ്ധതികൾ ഉദ്ഘാടനം ചെയ്തു .

നഗരത്തെ കൂടുതൽ ചേലൊത്തതും വൃത്തിയുള്ളതുമാക്കാൻ ലക്ഷ്യമിട്ട്, 35 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾക്കാണ് കൊണ്ടോട്ടി നഗരസഭ തുടക്കം കുറിച്ചിരിക്കുന്നത്. ഇതിൽ 16.80 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ആറ് എം.സി.എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) കണ്ടെയ്നറുകൾ, ബോട്ടിൽ ബൂത്തുകൾ, കൂടാതെ എൻഫോഴ്സ്‌മെന്റ് വാഹനം എന്നിവയുടെ ഉദ്ഘാടനം ചെയർപേഴ്സൺ നിതാ സഹീർ നിർവ്വഹിച്ചു.

വൈസ് ചെയർമാൻ അഷ്റഫ് മടാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ സി.ടി. ഫാത്തിമത്ത് സുഹറാബി, സി. മിനിമോൾ, കെ.പി. ഫിറോസ്, എ. മുഹിയുദ്ദീൻ അലി, റംല കൊടവണ്ടി എന്നിവർ സന്നിഹിതരായിരുന്നു.

ശുചിത്വ ശൃംഖല

അഞ്ചിടങ്ങളിൽ കണ്ടെയ്നർ എം.സി.എഫുകളും 40 വാർഡുകളിലും പ്രധാനപ്പെട്ട കവലകളിലുമായി ബോട്ടിൽ ബൂത്തുകളും വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചാണ് നഗരസഭ ശുചിത്വ ശൃംഖല വിപുലീകരിച്ചിരിക്കുന്നത്. ഇവയുടെ പ്രവർത്തനം സുതാര്യമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും വേണ്ടി എൻഫോഴ്സ്‌മെന്റ് വാഹനവും സ്‌ക്വാഡും ഉൾപ്പെടുന്ന സംയോജിത പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഇതിലൂടെ കൊണ്ടോട്ടിയുടെ ശുചിത്വ ചട്ടക്കൂടിന് കൂടുതൽ കരുത്ത് ലഭിക്കും.