റോഡ് തകർന്നു യാത്ര മുടങ്ങി: നാട്ടുകാർ പഞ്ചായത്ത് ബോർഡ് യോഗം തടഞ്ഞു

Friday 24 October 2025 1:12 AM IST

കാളികാവ്: റോഡ് തകർന്ന് യാത്ര മുടങ്ങി. പഞ്ചായത്ത് ബോർഡ് യോഗം ഉപരോധിച്ച് നാട്ടുകാർ. ചോക്കാട് പഞ്ചായത്തിലാണ് സംഭവം. രാവിലെ 11 മുതൽ ഒന്നര മണിക്കൂർ സമയം പഞ്ചായത്ത് ബോർഡ് യോഗം തടസ്സപ്പെട്ടു.

പന്നിക്കോട്ടുമുണ്ട മരുതിങ്ങൽ പാമ്പീര്യം റോഡാണ് പാടെ തകർന്ന് യാത്രമുടങ്ങിയത്.

ഇതിനെതിരെ പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് നാട്ടുകാർ സംഘടിച്ച് ബോർഡ് യോഗത്തിലെത്തിയത്.

കഴിഞ്ഞ ദിവസം രോഗിയെ കൊണ്ടു പോകാൻ ആംബുലൻസിന് പോലും വരാൻ കഴിയാതെ രോഗിയെ ചുമലിലേറ്റിയാണ് റോഡിലൂടെ കൊണ്ടുപോയത്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഈ ഭാഗത്തെ ഒരു കിലോമീറ്ററോളം റോഡ് നവീകരിച്ചിട്ടില്ല.വലിയ കുഴിയും റോഡാകെ ചെളിയുമാണ്. നേരത്തെ പഞ്ചായത്ത് പ്രസിഡന്റിനോട് നാട്ടുകാർ നേരിട്ടു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ റോഡിൽ ക്വാറി വേസ്റ്റ് ഇടാമെന്ന് പ്രസിഡന്റ് വാക്ക് നൽകിയിരുന്നു.ഇതു പാലിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.

ബോർഡു യോഗത്തിൽ അതിക്രമിച്ചു കയറിയ നാട്ടുകാരോട് ഇറങ്ങിപ്പോവാൻ പ്രസിഡന്റും സെക്രട്ടറിയും ആവശ്യപ്പെട്ടെങ്കിലും നാട്ടുകാർ അനുസരിച്ചില്ല.

കാളികാവ് സി.ഐ വിനുദാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി . ഹാളിൽ നിന്ന് ഇറങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല.

സി.പി.എം മെമ്പർമാർ യോഗഹാളിന്റെ നടുത്തളത്തിലിറങ്ങി യോഗം തടസ്സപ്പെടുത്തി.

ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് മറ്റു അംഗങ്ങളും യോഗം നിറുത്തി വച്ച് പ്രതിഷേധക്കാരുമായി ചർച്ചനടത്താൻ തയ്യാറായി.തുടർന്ന് റോഡിന്റെ ശോച്യാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കാമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഉറപ്പ് നൽകിയ ശേഷമാണ് പ്രശ്നം അവസാനിച്ചത്.