ഗുരുസന്ദേശ പ്രചാരണത്തിന് 100 മഹാ സമ്മേളനങ്ങൾ: സ്വാമി സച്ചിദാനന്ദ
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവ്വാണ ശതാബ്ദി ആചരണത്തിന്റെ ഭാഗമായി വിശ്വഗുരുദർശനം ലോകമെമ്പാടും പ്രചരിപ്പിക്കാൻ വിവിധ രാജ്യങ്ങളിലായി 100 മഹാസമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുദേവന്റെ സമ്പൂർണ ജീവചരിത്രം ഇക്കാലയളവിൽ പ്രസിദ്ധീകരിക്കും.
മഹാപരിനിർവ്വാണ ശതാബ്ദി ഉദ്ഘാടന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഏറ്റവുമധികം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത് ഗുരുദേവനെക്കുറിച്ചാണെങ്കിലും അദ്ദേഹത്തിന്റെ ജീവിതം കൃത്യമായി വിശദീകരിക്കുകയാണ് ഈ പുസ്തകത്തിലൂടെ. വിവിധ ഭാഷകളിൽ ഗുരുദേവ കൃതികളുടെ പരിഭാഷ, മഹാസമാധി ശതാബ്ദി സ്മാരക ഗ്രന്ഥം എന്നിവയും പ്രസിദ്ധീകരിക്കും.
ഗുരുദേവ ദർശന പ്രചാരണാർത്ഥം ബീഹാറിലെ പാറ്റ്നയിൽ സമ്മേളനം നടത്താൻ ഗവർണർ ആരീഫ് മുഹമ്മദ്ഖാൻ ക്ഷണിച്ചിട്ടുണ്ട്. പശ്ചിമബംഗാളിലെ ശാന്തിനികേതനിൽ ഗുരുപ്രഭാഷണം നടത്താൻ ഗവർണർ സി.വി.ആനന്ദബോസും ക്ഷണിച്ചിട്ടുണ്ട്.
ശിവഗിരിയിലും അതിവിപുലമായ സമ്മേളനം സംഘടിപ്പിക്കും. എസ്.എൻ.ഡി.പി യോഗം, ചെമ്പഴന്തി ഗുരുകുലം, ഗുരുധർമ്മ പ്രചാരണസഭ, മറ്റ് ശ്രീനാരായണീയ പ്രസ്ഥാനങ്ങൾ എന്നിവയെ സഹകരിപ്പിച്ച് സ്വാഗതസംഘം രൂപീകരിക്കും.
ഗുരുദേവന്റെ വിശ്വമാനവിക ദർശനത്തിന് വലിയ പ്രസക്തിയുള്ള കാലഘട്ടമാണിത്. മതതീവ്രവാദവും മതസംഘട്ടനവും വർദ്ധിച്ചു വരികയാണ്. ഇതിനെല്ലാം പരിഹാരം ഗുരുദർശനമാണെന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ട കാലഘട്ടമാണ്. ദൈവവിശ്വാസം ഉള്ളവർക്കും ഇല്ലാത്തവർക്കും സ്വതന്ത്രദാർശനികർക്കും ഉൾപ്പെടെ ഒന്നിച്ചുചേരാൻ ഗുരുദർശനം പോലെ മറ്റൊന്നില്ല. അടുക്കുന്നവരെ മുഴുവൻ ആരാധകരാക്കി മാറ്റുന്ന വ്യക്തിവൈശിഷ്ട്യമാണ് ഗുരുദേവന്റേത്. ഗുരുദർശനം പരിചിന്തനം ചെയ്തിട്ടുള്ളവർ അദ്ദേഹത്തിന്റെ ആരാധകരും അനുയായികളുമായി മാറും. ലോകം രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ് ഗുരുവിന്റെ വ്യക്തിവൈശിഷ്ട്യമെന്നും സ്വാമി പറഞ്ഞു.