മഹാസമാധിയിൽ ഹൃദയ വന്ദനം
ശിവഗിരി: ഗുരുദേവ പരിനിർവ്വാണ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്‌ട്രപതിയെ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ ചേർന്ന് ശിവഗിരിയിൽ വരവേറ്റു. മഹാസമാധി സന്നിധിയിൽ മുർമു രണ്ട് മിനുട്ട് പ്രാർത്ഥനയിൽ ലയിച്ചു. ആരതി തൊഴുത് തീർത്ഥവും പ്രസാദവും സ്വീകരിച്ചു. ഒഡിഷ ഭാഷയിലേക്ക് തർജ്ജമ ചെയ്ത ദൈവദശകം വിശ്വപ്രാർത്ഥനയും ശ്രീശാരദാദേവിയുടെ ചിത്രവും ഗുരുധർമ്മപ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി രാഷ്ട്രപതിക്ക് നൽകി.
ഒപ്പമുണ്ടായിരുന്ന ഗവർണർ ആർലേക്കറും മഹാസമാധിയിൽ പുഷ്പാർച്ചന നടത്തി പ്രസാദം സ്വീകരിച്ചു. സ്വാമിമാരായ ഹംസതീർത്ഥ, ശങ്കരാനന്ദ, അസംഗാനന്ദഗിരി,വിരജാനന്ദഗിരി എന്നിവർ പ്രാർത്ഥനാ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. മന്ത്രിമാരായ വി.എൻ. വാസവൻ, വി. ശിവൻകുട്ടി, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, വി.ജോയി എം.എൽ.എ എന്നിവരും സന്നിഹിതരായിരുന്നു.
മഹാസമാധി പ്രദക്ഷിണം നടത്തിയശേഷമാണ് രാഷ്‌ട്രപതി സമ്മേളന വേദിയിലെത്തിയത്. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ എന്നിവർ സമ്മേളന വേദിയിലേക്ക് ആനയിച്ചു. 12.20ന് ആരംഭിച്ച ഉദ്ഘാടന സമ്മേളനം ഒരു മണിയോടെ സമാപിച്ചു. തുടർന്ന് ശിവഗിരി മഠം ഗസ്റ്റ് ഹൗസിൽ സന്യാസി ശ്രേഷ്ഠർക്കൊപ്പം രാഷ്‌ട്രപതി ഉച്ചഭക്ഷണം കഴിച്ചു. നാടൻ കുത്തരിച്ചോറ്, സാമ്പാർ, അവിയൽ, ഓലൻ, എരിശ്ശേരി, അച്ചാർ, പപ്പടം എന്നിവയായിരുന്നു ഗുരുപൂജാ പ്രസാദമായി വിളമ്പിയത്. ഒപ്പം പ്രഥമനും പാൽപ്പായസവും. പനീർ ബട്ടർമസാല, ആലുമസാല ഫ്രൈ, ദാൽ തക്ക, മഷ്‌റൂം മസാല, തൈര്, ഗ്രീൻപീസ് സൂപ്പ് എന്നിവ സ്പെഷ്യൽ വിഭവങ്ങളായി തയ്യാറാക്കിയിരുന്നു. 2.15ന് ശിവഗിരിയിൽ നിന്ന് രാഷ്ട്രപതി യാത്രപറഞ്ഞിറങ്ങി.