ഹൈക്കോടതി വിധിക്ക് പിന്നാലെ ശാന്തിക്കാരുടെ റാങ്ക് ലിസ്റ്റ് ഇറങ്ങി
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ശാന്തി നിയമനത്തെ ചോദ്യം ചെയ്യുന്ന അഖില കേരള തന്ത്രി സമാജത്തിന്റെ ഹർജി ഹൈക്കോടതി തള്ളി മണിക്കൂറുകൾക്കകം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ച തന്നെ അഡ്വൈസ് മെമ്മോ അയയ്‌ക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ.കെ.ബി. മോഹൻദാസ് പറഞ്ഞു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ച 41 തന്ത്രവിദ്യാപീഠങ്ങളിൽ പഠിച്ചവർക്ക് ശാന്തിനിയമനം നൽകരുതെന്നും പാരമ്പര്യ ബ്രാഹ്മണതന്ത്രിമാരുടെ കീഴിൽ പഠിച്ചവരെ മാത്രമേ നിയമിക്കാവൂ എന്നുമുള്ള ഹർജിയാണ് ബുധനാഴ്ച തള്ളിയത്. വർക്കല ശിവഗിരി മഠത്തിന് കീഴിലുള്ള താന്ത്രിക പഠനകേന്ദ്രമുൾപ്പെടെ ഇതിൽ ഭൂരിപക്ഷത്തിലും അബ്രാഹ്മണർ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതാണ്.
റാങ്ക് ലിസ്റ്റിൽ 178 പേർ
178 പേരുടെ മെയിൻ ലിസ്റ്റാണ് ഇന്നലെ വൈകിട്ട് പ്രസിദ്ധീകരിച്ചത്. ഇതിൽ 99 ഒ.ബി.സിക്കാരും നാല് പട്ടികജാതിക്കാരുമുണ്ട്. 66 പേർ ഈഴവരാണ്. 11 പേർ മുന്നാക്ക സംവരണാർഹരും. സപ്ളിമെന്ററി ലിസ്റ്റുകളിൽ ഒരു പട്ടികവർഗക്കാരനുമുണ്ട്. 14800 - 22970 ശമ്പള സ്കെയിലിൽ പാർട്ട് ടൈം ശാന്തിക്കാരായി കയറുന്നവരെയാണ് ശാന്തിക്കാരുടെ തസ്തികയിൽ സ്ഥിരപ്പെടുത്തുക. കഴിഞ്ഞ വർഷം ജനുവരി 28നായിരുന്നു എഴുത്തുപരീക്ഷ. റാങ്ക് ലിസ്റ്റിന് ഈ മാസം 22 മുതൽ മൂന്നുവർഷത്തെ പ്രാബല്യമുണ്ട്. 2017ലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ശാന്തി നിയമനം നടന്നത്. അന്ന് ജോലിക്ക് കയറിയവരിൽ ഏതാണ്ട് എല്ലാവർക്കും ജോലിക്കയറ്റം ലഭിച്ചു കഴിഞ്ഞു. നിലവിൽ 250ഓളം ഒഴിവുകളുണ്ടെന്നാണ് വിവരം.