ഇത്തവണത്തെ തുലാവർഷത്തിൽ വൻ ആശങ്ക; മൂന്ന് ജില്ലകളിൽ കനത്ത നാശനഷ്ടം, അഞ്ചിടങ്ങളിൽ പ്രത്യേക മുന്നറിയിപ്പ്

Friday 24 October 2025 6:44 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

തെക്ക് കിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. തെക്കൻ കർണാടകയ്ക്ക് മുകളിലും ന്യൂനമർദ്ദമുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും അടുത്ത മണിക്കൂറുകളിൽ രൂപപ്പെട്ടേക്കും. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അതേസമയം, കേരളത്തിൽ തുലാവർഷമെന്നറിയപ്പെടുന്ന വടക്കുകിഴക്കൻ കാലവർഷത്തിൽ മഴ പെയ്യുന്ന രീതി ഇക്കുറി ഇതുവരെ പതിവ് രീതിയിലിലല്ലെന്നാണ് കാലാവസ്ഥാ വിദഗ്ധർ അറിയിക്കുന്നത്.

സാധാരണ ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയുണ്ടാകുന്ന തുലാവർഷം ഇത്തവണ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പെയ്യുകയാണ്. വടക്കൻ ജില്ലകളിലും മദ്ധ്യ ജില്ലകളിലുമാണ് കൂടുതൽ മഴ ലഭിക്കുന്നത്. ഇടുക്കിയിലും കോഴിക്കോടും മലപ്പുറത്തും മഴ കാരണം കനത്ത നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. അറബിക്കടലിലെ ന്യൂനമർദ്ദമാണ് മഴയുടെ രീതിയിലുണ്ടായ വ്യതിയാനത്തിന് കാരണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. നിലവിൽ ലഭിച്ചുക്കൊണ്ടിരിക്കുന്ന പടിഞ്ഞാറാൻ മഴ വരും ദിവസങ്ങളിലും തുടരും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു.