കിലോയ്ക്ക് 1000 രൂപവരെ, ഉണ്ടെന്നറിഞ്ഞാൽ റാഞ്ചിയെടുക്കാൻ ആളെത്തും; എന്നിട്ടും കൃഷിചെയ്യാൻ താല്പര്യമില്ല
അധികം ചെലവില്ല, പരിചരണവും തീരെ വേണ്ട. പക്ഷേ ഉല്പന്നത്തിന് മികച്ച വില എപ്പോഴും ഉറപ്പ്. കുറഞ്ഞത് കിലോയ്ക്ക് മുന്നൂറുരൂപയെങ്കിലും കിട്ടും. (സമയമനുസരിച്ച് വില ചിലപ്പോൾ ആയിരം രൂപവരെ എത്തും) നമ്മുടെ സ്വന്തം കാന്താരിമുളകിനെക്കുറിച്ചാണ് പറയുന്നത്. പണ്ട് തൊടിയിലും പറമ്പിലുമൊക്കെ തനിയെ കിളിർത്തുവന്നിരുന്ന കാന്താരിക്ക് വില കൂടിയതും ആവശ്യക്കാർ വർദ്ധിച്ചതും കുറുച്ചുകാലം മുമ്പാണ്. ഉണ്ടെന്നറിഞ്ഞാൽ കൊത്തിക്കൊണ്ടുപോകുന്ന അവസ്ഥയാണ് ഇപ്പോൾ. ഇതാണ് അവസ്ഥയെങ്കിലും കേരളത്തിൽ കാന്താരിയുടെ കൃഷി ആവശ്യത്തിന് ഇല്ലെന്നതാണ് സത്യം.
പലനിറത്തിലുള്ള കാന്താരിമുളകുകൾ ഉണ്ടെങ്കിലും പച്ചനിറത്തിലുള്ള തനി നാടൻ കാന്താരിക്കാണ് വിലയും ആവശ്യക്കാരും കൂടുതൽ. വളരെ എളുപ്പത്തിൽ എവിടെയും കൃഷിചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. പേരിനുമാത്രം വളവും വെള്ളവും കൊടുത്താൽ മതി. ഒരിക്കൽ കൃഷിയിറക്കിയാൽ കുറഞ്ഞത് അഞ്ചുവർഷമെങ്കിലും നന്നായി വിളവ് ലഭിക്കും.
മാർച്ച് അവസാനമാണ് കൃഷിചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം. നല്ല പഴുത്ത മുളകിൽ നിന്നുവേണം വിത്തുശേഖരിക്കാൻ. വേർതിരിച്ചെടുത്ത വിത്തുകൾ തണലത്ത് ഉണക്കിയെടുക്കണം. ജലാംശം അല്പംപോലും ഇല്ലെന്ന് ഉറപ്പിക്കണം. പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തുവേണം വിത്തുപാകാൻ. പാകുന്നതിന് അരമണിക്കൂർ മുമ്പ് വിത്ത് വെളളത്തിൽ കുതിർക്കണം. വെള്ളത്തിനുപകരം സ്യൂഡോമോണസിൽ കുതിർത്താൽ രോഗംവരുന്നത് കുറയും. വിത്തുകൾ മണ്ണിൽ തറനിരപ്പിൽ നിന്ന് അധികം താഴേക്ക് പോകുന്നില്ലെന്ന് ഉറപ്പിക്കണം. താഴേക്ക് പോയാൽ കിളിക്കാൻ സാദ്ധ്യത കുറവാണ്.
നനയ്ക്കാൻ മറക്കരുത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ വിത്തുകൾ കിളിർത്തുവരുന്നത് കാണാം. രണ്ടില വന്നുകഴിഞ്ഞാൽ തൈകൾ കൃഷിയിടത്തിലേക്കോ, ഗ്രോബാഗിലേക്കോ മാറ്റിനടാം. തൈ പറിച്ച് നടുന്നസ്ഥലത്തെ കല്ലും കട്ടയുമൊക്കെ നീക്കി ജൈവ വളവങ്ങൾ അടിവളമായി ചേർക്കാൻ മറക്കരുത്. മുകളിലേക്ക് വളരുന്ന ശിഖരങ്ങളുടെ മുള നുള്ളിക്കൊടുക്കുന്നത് കൂടുതൽ ശിഖരങ്ങൾ വരളരാനും നല്ല വിളവ് ലഭിക്കാനും കാരണമാകും.തൈകൾ പറിച്ചുനട്ടാൽ ഒരുമാസംകൊണ്ട് വിളവ് ലഭിച്ചുതുടങ്ങും. വിളവെടുത്തശേഷം ചെടിയുടെ മൂട് ഇളക്കി ജൈവവളം കൊടുക്കുന്നത് പ്രയോജനം ചെയ്യും. അധികം കീടങ്ങളൊന്നും കാന്താരിയെ ബാധിക്കാറില്ല. എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ മാത്രം കീടനാശിനിപ്രയോഗം നടത്തുക.