പ്രവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ്; ഏത് നിമിഷവും ഒരു ഫോൺ കോൾ എത്തിയേക്കാം, എടുത്താൽ അക്കൗണ്ട് കാലിയാകും

Friday 24 October 2025 11:35 AM IST

അബുദാബി: സൈബർ തട്ടിപ്പിന്റെ പുതിയ രീതികളെക്കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനും ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് യുഎഇയിലെ താമസക്കാരെ സംരക്ഷിക്കുന്നതിനുമായി ഒരു ബോധവൽക്കരണ ക്യാമ്പെയിനും ആരംഭിച്ചിട്ടുണ്ട്.

ലിങ്കുകൾ, തെറ്റിദ്ധരിപ്പിക്കുന്ന ഫോൺ കോളുകൾ, സമ്മാനം ലഭിച്ചെന്ന വ്യാജ അറിയിപ്പുകൾ, ഇ - കൊമേഴ്‌സ് സൈറ്റുകൾ തുടങ്ങി അടുത്തിടെ കണ്ടുവരുന്ന എല്ലാ തട്ടിപ്പുകളെക്കുറിച്ചും ഈ ബോധവൽക്കരണ ക്യാമ്പെയിനിൽ എടുത്തുകാട്ടുന്നുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയാത്ത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നിങ്ങളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കിടരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ബാങ്കിന്റെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങൾ, ആകർഷകമായ വിലയ്‌ക്ക് ലാഭത്തിൽ സ്വർണം വാങ്ങാം എന്നിങ്ങനെയുള്ള സന്ദേശങ്ങളും കോളുകളും വന്നേക്കാമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പിൽ പറയുന്നു.

സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്‌ടിക്കുന്നതിന് അബുദാബി പൊലീസ് നിരന്തര ശ്രമങ്ങൾ നടത്താറുണ്ടെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്‌ടർ ഡയറക്‌ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റഷ്‌ദി പറഞ്ഞു. സ്‌കൂളുകൾ, സർവകലാശാലകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉൾപ്പെടെ വൈവിദ്ധ്യമാർന്ന പരിപാടികളും ബോധവൽക്കരണ ക്യാമ്പെയിനുകളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.