സിപിഎം നേതാവ് പാർട്ടി ഓഫിസീനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം ഉദയംപേരൂരിൽ
Friday 24 October 2025 11:58 AM IST
കൊച്ചി: സിപിഎം നേതാവിനെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ടിഎസ് പങ്കജാക്ഷനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി ഓഫീസിലെ വായനശാല മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ ആറരയോടെ പത്രമിടാൻ വന്നയാളാണ് മൃതദേഹം കണ്ടത്. ശേഷം വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. ഫോറൻസിക് സംഘം സ്ഥലത്തെത്തിയ ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കടബാദ്ധ്യതയാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. സിപിഎമ്മിന്റെ നേതൃസ്ഥാനത്ത് സജീവമായിരുന്നു പങ്കജാക്ഷനും ഭാര്യ ഭാസുരദേവിയും. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ (ഐഒസി) ജീവനക്കാരനായിരുന്ന പങ്കജാക്ഷൻ കുറച്ച് വർഷം മുമ്പാണ് വിരമിച്ചത്. ഐഒസിയിലെ യൂണിയൻ ഭാരവാഹിയുമായിരുന്നു.