എൻ ആർ സുധർമ്മദാസിനും എം റഫീഖിനും പ്രേംനസീർ സംസ്ഥാന അച്ചടി -ദൃശ്യ മാദ്ധ്യമ പുരസ്‌കാരം
തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി- അരീക്കൽ ആയുർവേദ ആശുപത്രി ഒരുക്കുന്ന ഏഴാമത് പ്രേംനസീർ സംസ്ഥാന അച്ചടി ദൃശ്യ മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാദ്ധ്യമ വിഭാഗത്തിൽ മികച്ച ന്യൂസ് ഫോട്ടോഗ്രാഫറായി കേരളകൗമുദി കൊച്ചി ചീഫ് ഫോട്ടോഗ്രാഫർ എൻ ആർ സുധർമ്മദാസ് തിരഞ്ഞെടുക്കപ്പെട്ടു. മസ്‌തിഷ്‌കമരണം സംഭവിച്ച മകന്റെ കൈകൾ മറ്റൊരു യുവാവിന് മാറ്റിവച്ചപ്പോൾ ആ യുവാവിനെ കാണാനെത്തിയ മാതാപിതാക്കളുടെ നൊമ്പരം കാണിക്കുന്ന 'മകന്റെ കൈകൾ, മരിക്കാത്ത കൈകൾ' എന്ന ചിത്രത്തിനും ശക്തമായ കാറ്റിൽ ഭിന്നശേഷിക്കാരന്റെ വാഹനം തെറിച്ചുപോകാതെ തടഞ്ഞുനിർത്തിയ യുവാവിന്റെ കാഴ്‌ച 'കാറ്റിലൊരു കൈക്കരുതൽ' എന്ന ചിത്രത്തിനുമാണ് അവാർഡ്.
മികച്ച ന്യൂസ് റിപ്പോർട്ടറായി കേരളകൗമുദി തിരുവനന്തപുരം റിപ്പോർട്ടർ എം റഫീഖും തിരഞ്ഞെടുക്കപ്പെട്ടു. യാത്രക്കാരെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങൾ സജീവം, കേരംതിങ്ങും കേരളനാട് ഓർമ്മകളിൽ മാത്രം- വികസന പദ്ധതികൾ ഫലം കണ്ടില്ല, ശുദ്ധീകരിച്ച വെള്ളത്തിനും ഖരമാലിന്യത്തിനും ആവശ്യക്കാരില്ല എന്നീ റിപ്പോർട്ടുകൾക്കാണ് അവാർഡ്.
സമഗ്ര സംഭാവനക്കുള്ള മാദ്ധ്യമ പുരസ്‌കാരം പ്രേം ചന്ദിനും സമഗ്ര സംഭാവനക്കുള്ള ദൃശ്യ മാദ്ധ്യമ പുരസ്‌കാരം ദൂരദർശൻ വാർത്താ അവതാരകയായിരുന്ന ഹേമലതയ്‌ക്കും നൽകും. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വൈകിട്ട് 5.30ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് കെമാൽപാഷ സമ്മാനങ്ങൾ വിതരണം ചെയ്യും.