മരണമടഞ്ഞ‌ മകന്റെ കൈകൾ വീണ്ടും കണ്ടതോടെ നിറകണ്ണുകളുമായി നിൽക്കുന്ന അച്ഛനമ്മമാർ, ആ ചിത്രത്തിന് പിന്നിൽ

Friday 24 October 2025 3:57 PM IST

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവാതൂർ സ്വദേശി നേവിസ് സാജൻ മാത്യുവിന്റെ ഇരു കൈകളും അമൃത ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ വിജയകരമായി മാറ്റിവയ്ക്കപ്പെട്ട കർണാടക ബെല്ലാരി സ്വദേശി ബസവന ഗൗഡയെ കാണാനെത്തിയ നേവിസിന്റെ അമ്മ ഷെറിൻ മാത്യു കൈകൾ ചേർത്ത്പിടിച്ച് കരയുമ്പോൾ പിതാവ് സാജൻ മാത്യുവും ശസ്ത്രക്രിയ നടത്തിയ ഡോ. സുബ്രഹ്മണ്യ അയ്യരും വിതുമ്പലോടെ കൈകൂപ്പുന്നു. 'മകന്റെ കൈകൾ, മരിക്കാത്ത കൈകൾ' ചിത്രത്തിന്റെ പശ്ചാത്തലം. കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസി‌ന്‌ ഏഴാമത് പ്രേംനസീർ സംസ്ഥാന അച്ചടി-ദൃശ്യമാദ്ധ്യമ അവാർഡ് നേടിയ ചിത്രമാണിത്.

മകന്റെ ആ കൈകൾ വീണ്ടുമൊന്ന് കാണാനായതിന്റെ സന്തോഷത്തിൽ നിറകണ്ണുകളോടെയാണ് സാജൻ മാത്യുവും ഷെറിനും ബസവന ഗൗഡയുടെ കൈകൾ ചേർത്തു പിടിച്ചത്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ് ഈ രണ്ടു കൈകളെന്ന് നേവിസിന്റെ അച്ഛൻ സാജൻ മാത്യു പറഞ്ഞു. 34 വയസുകാരനായ ബസവന ഗൗഡ ബെല്ലാരിയിലെ ഒരു അരിമില്ലിൽ ബോയിലർ ഓപ്പറേറ്ററായിരുന്നു. 2011 ജൂലൈയിൽ ജോലി സ്ഥലത്ത് വച്ച് വൈദ്യുതാഘാതമേറ്റതിനെ തുടർന്നാണ് ഇരു കൈകളും നഷ്ടമായത്.