അടുക്കള പൂട്ടി, വീട്ടമ്മമാർ യാത്രയിലാണ്

Saturday 25 October 2025 12:18 AM IST

പള്ളുരുത്തി: അടുക്കളച്ചുവരിനപ്പുറം ലോകം കാണണമെന്ന ആഗ്രഹം ഉള്ളിലൊതുക്കിയവർ ഒരു വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കി കഴിഞ്ഞ ദിവസം. ചങ്കാണ് ചങ്ങാതികൾ എന്ന വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അടുക്കളയ്ക്ക് ഒരു ദിവസം അവധി കൊടുത്ത് പള്ളുരുത്തി, ഫോർട്ട്കൊച്ചി, ചുള്ളിക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള വീട്ടമ്മമാർ വിനോദയാത്രയ്ക്ക് പോയി. 30വയസ് മുതൽ 75വയസ് വരെയുള്ള 45 പേരടങ്ങുന്ന സംഘമാണ് മൂന്നാർ - വട്ടവട എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.മലനിരകളിൽ ആദ്യമായി സന്ദർശനം നടത്തിയവരും ഓഫ് റോഡ് അനുഭവം ആദ്യമായിട്ടുള്ളവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. വിനോദയാത്ര മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുനീല സി.ബി ഫ്ലാഗ് ഓഫ് ചെയ്തു. കവയിത്രിയും മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിയുമായ ഷീജ പടിപ്പുരക്കലിന്റെ നേതൃത്വത്തിൽ നാലാം തവണയാണ് വീട്ടമ്മമാർക്കായി വിനോദയാത്ര സംഘടിപ്പിക്കുന്നത്. സാഹിത്യകാരി സുമ വിപിനും മറ്റുള്ളവരും ചേർന്ന് ഷീജ പടിപ്പുരക്കലിനെ ആദരിച്ചു.