95-ാം വയസിൽ മൂന്ന് ബിസിനസ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ; കമലാഭായി മുത്തശി നിസാരക്കാരിയല്ല!

Friday 24 October 2025 4:29 PM IST

ഓരോ ജീവിതത്തിനും ഓരോ ലക്ഷ്യങ്ങളുണ്ട്. അത് ഏത് പ്രായത്തിലാണെന്ന് നമുക്ക് പ്രവചിക്കാനാവില്ല. അത്തരത്തിൽ തന്നിലൂടെ നിരവധിപേർക്ക് ഊർജം പകർന്നൊരു മുത്തശിയുണ്ട്. മലപ്പുറം സ്വദേശിനിയായ കമലാഭായി. 95-ാം വയസിൽ മൂന്ന് സംരംഭങ്ങളുടെ അമരക്കാരിയായി മാറിയ മുത്തശിക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്.

സോഷ്യൽ മീഡിയിലെ വരവ്

വളരെ അപ്രതീക്ഷിതമായാണ് കമലാഭായിയുടെ ജീവിതം മാറിമറിഞ്ഞത്. ചെറുമകന്റെ ഭാര്യയായ താരയാണ് ഇതിൽ പ്രധാന പങ്ക് വഹിച്ചത്. വിവാഹം കഴിഞ്ഞെത്തിയ ആദ്യദിവസങ്ങളിൽ തന്നെ മുത്തശിയുടെ തമാശകളും ചുറുചുറുക്കുമെല്ലാം താരയ്‌ക്ക് ഏറെ ഇഷ്‌ടമായിരുന്നു. മുത്തശി പറയുന്ന കഥകളെല്ലാം ആദ്യമേതന്നെ താര വീഡിയോയായി ചിത്രീകരിച്ചിരുന്നു. എന്നാൽ, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. പിന്നീട് മുത്തശിയുടെ പിറന്നാളിന് ഇതെല്ലാം കോർത്തിണക്കിയ വീഡിയോ ഇൻസ്റ്റഗ്രാമിലും ഫേസ്‌ബുക്കിലും പോസ്റ്റ് ചെയ്‌തു. അതാണ് ഈ കുടുംബത്തിന്റെ തന്റെ ജീവിതം മാറ്റിമറിച്ചത്.

പിറന്നാൾ വീഡിയോ വൈറലായതോടെ മുത്തശിയുടെ കഥകൾ കേൾക്കണമെന്ന് പലരും ആവശ്യപ്പെടാൻ തുടങ്ങി. പിന്നീട് താര സോഷ്യൽ മീഡിയയിലിടുന്ന വീഡിയോകളെല്ലാം വൈറലാകാൻ തുടങ്ങി. ഇപ്പോഴും കുഞ്ഞ് കുട്ടികളുടെ ചുറുചുറുക്കോടെ ഏറെ ആസ്വദിച്ചാണ് മുത്തശി ഓരോ വീഡിയോയും ചെയ്യുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഒന്നര ലക്ഷത്തോളം ഫോളോവേഴ്‌സ് കമലാഭായിക്കുണ്ട്. ഓരോ വീഡിയോകൾക്കും ദശലക്ഷക്കണക്കിന് വ്യൂസും ഉണ്ടാകാറുണ്ട്.

ക്യാൻസർ ചികിത്സയും ബിസിനസും

ക്യാൻസർ ബാധിച്ച് അമ്മ മരിച്ചതിന്റെ ദുഃഖം മാറുന്നതിന് മുമ്പാണ് താരയുടെ മൂത്ത സഹോദരി സൂര്യയ്‌ക്കും ക്യാൻസർ രോഗം സ്ഥിരീകരിക്കുന്നത്. കുടുംബം ഒന്നടങ്കം തളർന്നുപോയൊരു നിമിഷമായിരുന്നു അത്. അന്ന് സൂര്യയുടെ ചികിത്സയ്‌ക്കായി പണം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഒരു സംരംഭം തുടങ്ങാമെന്ന് താര തീരുമാനിക്കുന്നത്. മുത്തശിയും താരയുടെ ഇളയ സഹോദരി ചിത്രയും ഇതിന് പൂർണ പിന്തുണ നൽകി.

അങ്ങനെയാണ് 'ആമാടപ്പെട്ടി' എന്ന പേരിൽ ഒരു ജുവലറി ബിസിനസ് ഇവർ ആരംഭിക്കുന്നത്. ആഭരണങ്ങളോടുള്ള ഇഷ്‌ടം കാരണം മുത്തശി തന്നെ ഇതിന്റെ മോഡലാകാമെന്ന് സമ്മതിക്കുകയായിരുന്നു. ഡോക്‌ടർമാരായ മൂന്ന് സഹോദരിമാരും അവരുടെ മുത്തശിയും ചേർന്ന് ആരംഭിച്ച ഈ സംരംഭം അധികം വൈകാതെ തന്നെ ഹിറ്റായി. രോഗം മാറി എന്ന് മാത്രമല്ല, ഇന്ന് സൂര്യയ്‌ക്ക് ലഭിച്ച മനഃശക്തിക്ക് കാരണവും ഈ സംരംഭം തന്നെയാണ്.

രണ്ടാം സംരംഭം അപ്രതീക്ഷിതം

കമലാഭായി മുത്തശി ഇൻസ്റ്റഗ്രാമിൽ ചെയ്‌ത ഒരു വീഡിയോയ്‌ക്കിടെയാണ് കാച്ചിയ എണ്ണയെപ്പറ്റി പറയുന്നത്. മുത്തശിയുടെ അച്ഛന്റെ കാലം മുതൽ ഈ എണ്ണയാണ് ഉപയോഗിച്ചിരുന്നതെന്ന് അതിൽ പറയുന്നുണ്ടായിരുന്നു. ഇത് കേട്ട പലരും എണ്ണ വേണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഫോളോവേഴ്‌സിന് സമ്മാനമായി ഇവർ എണ്ണ അയച്ച് നൽകി. ഫലം കിട്ടിയതോടെ ആവശ്യക്കാരേറി. അങ്ങനെ വീട്ടിൽ തന്നെ എണ്ണ തയ്യാറാക്കി വിൽക്കാൻ തുടങ്ങി.

ഇപ്പോൾ ഓർഡറുകളുടെ എണ്ണം വലിയ രീതിയിൽ വർദ്ധിച്ചതോടെ കാച്ചിയ എണ്ണ ബിസിനസ് വിപുലമാക്കാൻ പോവുകയാണിവർ. നവംബർ മാസത്തിലാകും ബ്രാൻഡിന് പേര് നൽകുന്നതും പുതിയ കെട്ടിടത്തിലേക്ക് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നതും. ഇന്ന് കുടുംബത്തിലേക്ക് എത്തുന്ന വരുമാനത്തിൽ വലിയൊരു പങ്കും മുത്തശിയുടെ കാച്ചിയ എണ്ണയിൽ നിന്നാണെന്ന് താര പറഞ്ഞു.

മൂന്നാം സംരംഭം

കാച്ചിയ എണ്ണയും ആഭരണങ്ങളും കൂടാതെ ഇവർ മറ്റൊരു ബിസിനസ് കൂടിയുണ്ട്. 'മനോഹരി' എന്ന ക്ലോത്തിംഗ് ബ്രാൻഡ്. ആമാടപ്പെട്ടിയിലെ ആഭരണങ്ങൾ വാങ്ങുന്നവർ തന്നെയാണ് ഇങ്ങനെയൊരു ക്ലോത്തിംഗ് ബിസിനസ് കൂടി ആരംഭിക്കാൻ ആവശ്യപ്പെട്ടത്. ഇന്ന് മൂന്ന് ബിസിനസുകളും നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്.

എല്ലാ മനുഷ്യർക്കും മാതൃകയാക്കാവുന്ന വ്യക്തിയാണ് കമലാഭായി. ചതിയുടെയും വഞ്ചനയുടെയും മുഖങ്ങൾ മാത്രം കണ്ടുവരുന്ന ഈ കാലത്ത് തന്റെ ചുറ്റുമുള്ള മനുഷ്യരെ സ്‌നേഹിക്കാനും അവർക്കുവേണ്ടി കഠിനപ്രയത്‌നങ്ങൾ ചെയ്യാനും മടിയില്ലാത്ത മുത്തശി. വീട്ടിലെ പച്ചക്കറി കൃഷി മുതൽ ഏറെ ആവശ്യക്കാരുള്ള കാച്ചിയ എണ്ണ ബിസിനസ് വരെ വിശ്രമമില്ലാതെ മുത്തശി നോക്കിനടത്തുന്നുണ്ട്. പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് തെളിയിച്ചിരിക്കുകാണ് ഈ മുത്തശി.