‘പുതു ലഹരി’ തിരഞ്ഞെടുപ്പ് 28ന്, വോട്ടെണ്ണൽ 29ന്; നോട്ടയ്ക്കും വോട്ടുചെയ്യാം

Friday 24 October 2025 4:47 PM IST

പെരുമ്പാവൂർ: നഗരസഭയിൽ ഈ മാസം 28ന് തിരഞ്ഞെടുപ്പ് നടക്കും. എന്നാൽ ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പല്ല, മറിച്ച് വിദ്യാർത്ഥികൾക്കായുള്ള ‘പുതു ലഹരി’ തിരഞ്ഞെടുപ്പാണ്. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായാണ് ഈ തിരഞ്ഞെടുപ്പ്.

വിദ്യാർത്ഥികളുടെ വോട്ടിനായി രംഗത്തിറങ്ങുന്നത് 12 സ്ഥാനാർത്ഥികളാണ്. കല, സാംസ്കാരികം, കായികം, സേവനം, യാത്ര, വായന, പാചകം, പ്രകൃതി സംരക്ഷണം, സിനിമ, ആസ്വാദനം, സൗഹൃദം, ഹോബി. കൂടാതെ സ്വതന്ത്ര ചിന്തയുടെ പ്രതിനിധിയായ ‘നോട്ട’യും.

ഇലക്ഷൻ ക്യാമ്പയിനോടനുബന്ധിച്ച് എല്ലാ വിദ്യാലയങ്ങളിലേക്കും പ്രചാരണ വാഹനം എത്തും. ബാനറുകളും പോസ്റ്ററുകളും തയ്യാറാക്കി കുട്ടികൾ ആവേശകരമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. ഫ്ലാഷ് മോബ്, നാടകം തുടങ്ങിയവയും ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും. 28ന് രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. 29ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.

വിദ്യാർത്ഥികൾക്ക് നല്ല ശീലങ്ങളും സൃഷ്ടിപരമായ പ്രവൃത്തികളുമാണ് യഥാർത്ഥ ലഹരി എന്ന സന്ദേശം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇത് കുട്ടികളിൽ നിന്ന് ലഹരി പദാർത്ഥങ്ങളെ അകറ്റിനിർത്തി, ശാരീരികവും മാനസികവുമായ ഉല്ലാസം പകരുന്ന പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കും

പോൾ പാത്തിക്കൽ,ചെയർമാൻ,നഗരസഭ