പിഎം ശ്രീ എന്ന പേര് ചേർക്കുന്നത് സാങ്കേതികം മാത്രം, പദ്ധതിയിൽ ചേർന്നത് തന്ത്രപരമായ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി

Friday 24 October 2025 4:57 PM IST

തിരുവനന്തപുരം: സിപിഐ എതിർപ്പ് ഉന്നയിച്ച പി എം ശ്രീ പദ്ധതിയിൽ കേരളം ചേർന്നത് തന്ത്രപരമായ തീരുമാനമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി‌ രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവയ്‌ക്കുന്നത് മറികടക്കാനുള്ള തന്ത്രപരമായ ശ്രമമാണെന്നാണ് മന്ത്രി അവകാശപ്പെട്ടത്. സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. കുട്ടികൾക്ക് അവകാശപ്പെട്ട ഫണ്ട് തടയാനാകില്ല. ഫണ്ടില്ലായ്‌‌മ സംസ്ഥാനത്ത് വിദ്യാഭ്യാസ അലവൻസിനെയടക്കം ബാധിച്ചു. പിഎംശ്രീ പദ്ധതിയിൽ ചേരാത്തതിനാൽ സർവ ശിക്ഷാ ഫണ്ട് കേന്ദ്രം തടഞ്ഞു. 1158.13 കോടി രൂപ ഇതുകാരണം നഷ്‌ടമായതായി മന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ ചേർന്നതിനാൽ ഇനി 1476 കോടി രൂപ ലഭിക്കും. കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മർദ്ദത്തിനും വഴങ്ങാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫണ്ട് തടഞ്ഞതുകാരണം സൗജന്യ യൂണിഫോം, അലവൻസ് എന്നിവയെ ബാധിച്ചു. പിഎം ശ്രീ പദ്ധതി ഫണ്ട് ഒരു രാഷ്‌ട്രീയ പാർട്ടിയുടെയുമല്ലെന്നും നമുക്കവകാശപ്പെട്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പദ്ധതി കാരണം ഒരു സ്‌കൂളും ലയിപ്പിക്കില്ല, ഒരു സ്‌കൂളും പൂട്ടില്ല. പാഠപുസ്‌തകങ്ങളും മാറില്ല. ആർഎസ്‌എസ് നയത്തിനെതിരായ പോരാട്ടം തുടരുമെന്നും വി ശിവൻകുട്ടി പറഞ്ഞു. കാലഘട്ടത്തിനനുസരിച്ച് നയം മാറണമെന്നും എൻഇപിയുടെ പേരിൽ എതിർക്കേണ്ട കാര്യമില്ലെന്നും മന്ത്രി അറിയിച്ചു.