കേരള സബ് ജൂനിയർ ഫുട്ബാൾ ടിമിന് പ്രതിരോധം തീർക്കാൻ ഏലൂരുകാരൻ
കളമശേരി: പഞ്ചാബിലെ അമൃതസറിൽ നടക്കുന്ന നാഷണൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിന്റെ പ്രതിരോധനിരയിൽ ഏലൂർ സ്വദേശിയായ പാർത്ഥസാരഥി എസ്. രാജേഷ്. ആലപ്പുഴയിൽ നടന്ന സംസ്ഥാന ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ലയ്ക്ക് വേണ്ടി നടത്തിയ പ്രകടനമാണ് സ്റ്റേറ്റ് ടീം ക്യാമ്പിലേയ്ക്കുള്ള വഴി തുറന്നത്.
ഫുട്ബാളിൽ മാത്രമല്ല കലാമേഖലയിലും മികവ് തെളിയിച്ചിട്ടുണ്ട് പാർത്ഥസാരഥി. സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിൽ മോണോആക്ടിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്. പഠനത്തിലും മികവു പുലർത്തുന്നു.
28 മുതൽ നവംബർ 6 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ കരുത്തരായ പഞ്ചാബ്, ഹരിയാന, ഗോവ ടീമുകളുമായാണ് ആദ്യ ഏറ്റുമുട്ടലുകൾ.
കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ - 15 ടീമിലേക്കും തിരഞ്ഞടുക്കപ്പെട്ട പാർത്ഥസാരഥി മഞ്ഞുമ്മൽ ഗാർഡിയൻ ഏയ്ഞ്ചൽ സ്കൂൾ ഫുട്ബാൾ അക്കാഡമി അംഗവും എട്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്. ഏലൂർ വടക്കുംഭാഗം കുടജാദ്രിയിൽ രാജേഷിന്റെയും സ്നേഹയുടെയും മകനാണ്.