മൂന്നര ഏക്കറിനുള്ളില്‍ 'ഒരേയൊരു' മരം; ഉള്ളത് ലോകത്തില്‍ കേരളത്തിലെ ഈ ഒരു സ്ഥലത്ത് മാത്രം
കാവുകൾ, ഭക്തിയുടെ മാത്രമല്ല ജൈവവൈവിധ്യത്തിന്റെ കൂടി പ്രതീകങ്ങളാണ്. കൊല്ലം ജില്ലയിലെ പരവൂരിൽ തിരക്കുകളിൽ നിന്ന് മാറി കൂനയിൽ എന്ന ദേശത്തെ ആയിരവില്ലിക്ഷേത്രത്തിനോട് ചേർന്ന് മൂന്നര ഏക്കറോളമുള്ള ഒരു കാടുണ്ട്. അത്, ആ ക്ഷേത്രത്തിന്റെ മാത്രമല്ല ആ നാടിന്റെ തന്നെ അടയാളപ്പെടുത്തലാണ്. ആയിരവില്ലിക്കാവ് എന്ന പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. ഒട്ടനവധി അപൂർവ്വയിനം വൃക്ഷങ്ങളാൽ സമ്പന്നമാണ് ഇവിടം. സർപ്പക്കാവും ചെറിയ വെള്ളച്ചാട്ടവും കൈത്തോടുമെല്ലാം ഈ കൊച്ചുകാടിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു.
കൊല്ലത്ത് മാത്രമുള്ള അപൂർവ്വമരം
ആയിരവില്ലിക്കാവിന്റെ പടിക്കെട്ടുകളിറങ്ങി ചെല്ലുമ്പോൾ വലതു ഭാഗത്തു ചുറ്റമ്പലത്തിന്റെ വേലിയോട് ചേർന്ന് ഭക്തർക്ക് തണലായി നിൽക്കുന്ന ഒരു മരമുണ്ട്. ഇവിടെയുള്ള മറ്റുള്ള മരങ്ങളിൽ നിന്നും ഈ മരത്തിന് മാത്രമായി ഒരു പ്രത്യേകതയുണ്ട്. കാവിലിപ്പ എന്ന നാട്ടുപേരിൽ അറിയപ്പെടുന്ന ഈ മരം ലോകത്തിൽ ഇവിടെ മാത്രമാണുള്ളത്. മധുക്ക ഡിപ്ലോസ്‌റ്റെമൺ എന്നതാണ് ശാസ്ത്രീയ നാമം. തങ്ങളുടെ ചെറുപ്പകാലത്തും ഈ മരത്തിന് ഇതേ വലിപ്പമായിരുന്നെന്ന് ഇവിടുത്തെ മുതിർന്ന തലമുറയിലുള്ളവർ പറയുന്നു. മനുഷ്യർ പ്രായമേറി രൂപം മാറുമ്പോഴും കാവിലിപ്പ മാത്രം ചെറുപ്പമായി തുടരുന്നു. ഏകദേശം 20 മീറ്റർ മാത്രം ഉയരത്തിൽ വളരുന്ന, നിരവധി ശാഖോപശാഖകളാൽ സമ്പന്നമായ കാവിലിപ്പ ക്ഷേത്രത്തിന്റെ അന്തരീക്ഷത്തെ കൂടുതൽ മനോഹരമാക്കുന്നു.
ഇവിടെ കാവിലിപ്പയ്‌ക്ക് ദൈവസ്ഥാനമാണുള്ളത്. കാലങ്ങളായി പാർവ്വതി ദേവിയുടെയും പുറ്റിങ്ങൽ ദേവിയുടെയും പ്രതിഷ്ഠകൾ വച്ചാരാധിക്കുന്നത് ഈ മരത്തിന് ചുവട്ടിലാണ്. പ്രധാന മണ്ഡപത്തിന് അഭിമുഖമായാണ് മരം വളരുന്നത്. വൃശ്ചികം,ധനു എന്നീ മാസങ്ങളിലാണ് കാവിലിപ്പ പൂവിടുന്നത്. പൊതുവേ നല്ല തണുപ്പും കാറ്റുമുള്ള അന്തരീക്ഷത്തിലാകെ പാലപ്പൂവിന് സമാനമായ പൂക്കളുടെ ഗന്ധം നിറയും. വവ്വാലുകളും പക്ഷികളും അവ കഴിക്കാനെത്തും. ഇവിടേക്കെത്തുന്ന ഭക്തർ ചന്ദനം പൊതിഞ്ഞു സൂക്ഷിക്കുന്നത് കാവിലിപ്പയുടെ ചെറിയ ഇലകളിലാണ്. ഏത് അമ്പലത്തിലേക്കാണ് പോയതെന്ന് പറയാതെ തന്നെ തിരിച്ചറിയാൻ മാത്രം വ്യത്യസ്തത ആ കുഞ്ഞിലയ്‌ക്ക് പോലുമുണ്ട്. വാതം ഉൾപ്പടെയുള്ള രോഗങ്ങൾക്ക് ഔഷധമായും ഈ മരം ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറാണ് ഇതിനെ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. 184 വർഷങ്ങൾക്ക് മുൻപ് വംശനാശം സംഭവിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. കൊല്ലം ജില്ലയിലെ കാവുകളിലെ ജൈവവൈവിദ്ധ്യത്തെക്കുറിച്ച് പഠനം നടത്തിയ പാലോട് ജവഹർലാൽ നെഹ്റു ബൊട്ടാണിക്കൽ ഗാർഡനിലെ ഗവേഷണസംഘമാണ് മരത്തിന്റെ പ്രത്യേകത തിരിച്ചറിഞ്ഞത്. വിദേശ മാദ്ധ്യമങ്ങളിലടക്കം സംഭവം വാർത്താ പ്രാധാന്യം നേടിയിരുന്നു.
1835ൽ റോബർട്ട് ഹൈറ്റ് എന്ന ശാസ്ത്രജ്ഞനാണ് ലോകത്തിൽ ആദ്യമായി മരം കണ്ടെത്തിയത്. പി.റോയൻ എന്ന ശാസ്ത്രജ്ഞനാണ് സപ്പോട്ട ഇനത്തിൽപ്പെട്ട ഈ മരത്തിന് മധുക്ക ഡിപ്ലോസ്‌റ്റെമൻ എന്ന് നാമകരണം നൽകിയത്. എന്നാൽ, ആയിരവില്ലി ക്ഷേത്രത്തിൽ കണ്ടെത്തിയ മരത്തിന് 300 വർഷത്തലധികം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു.
ഇവിടെയുള്ള മുന്നൂറോളം മരങ്ങളിൽ ഏകദേശം 39 എണ്ണത്തിൽ അവയുടെ ശാസ്‌ത്രീയനാമങ്ങളും മറ്റ് വിവരങ്ങളും അടങ്ങിയ ബോർഡ് വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെയും തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത നിരവധി അപൂർവ്വയിനം മരങ്ങളാൽ സമ്പന്നമാണ് ഇവിടം. നിരവധി മാറാരോഗങ്ങൾക്കുള്ള പച്ചമരുന്നുകളും ഈ കാട്ടിലുണ്ടെന്ന് പഴയ തലമുറ വിശ്വസിക്കുന്നു.
കാട്ടിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം സുഖമുള്ളൊരു തണുപ്പാണ് അനുഭവപ്പെടുന്നത്. ഉള്ളിലേക്ക് കടക്കും തോറും മനോഹരമായ ശാന്തത. കാട്ടിനുള്ളിലെ സർപ്പക്കാവിൽ എല്ലാ ആയില്യത്തിനും പൂജ നടക്കാറുണ്ട്. അതിന് അരികിലുള്ള കുഞ്ഞ് വെള്ളച്ചാട്ടം നല്ല മഴക്കാലമാണെങ്കിൽ നിറഞ്ഞ് പതയും. മഴയില്ലാത്ത സമയങ്ങളിലും ഇവിടുത്തെ വലിയ കരിങ്കൽ പാറകൾക്കിടയിലുള്ള ഉറവയിൽ നീരൊഴുക്കുണ്ടാകാറുണ്ട്. അതിനാൽ ഊറ്റുകുഴി എന്നും അറിയപ്പെടുന്നു. ഈ വെള്ളം പിന്നീട് ക്ഷേത്രത്തിന് വശത്തുള്ള തോട്ടിലൂടെ ഒഴുകി പരവൂർ കായലിൽ ചേരുന്നു.
മുൻപ് എല്ലാ വശങ്ങളിലൂടെയും കാട്ടിലേക്ക് പ്രവേശിക്കാനാകുമായിരുന്നു. എന്നാൽ,പിന്നീട് സാമൂഹ്യ വിരുദ്ധരുടെ ശല്യവും മാലിന്യങ്ങൾ വലിച്ചെറിയുന്നതും പതിവായതോടെയാണ് റോഡിന് ചേർന്നുള്ള ഭാഗത്ത് വേലി കെട്ടി കാട് സംരക്ഷിക്കാൻ തുടങ്ങിയത്. എവിടെ നിന്ന് നോക്കിയാലും കാട്ടിലെ മരങ്ങളിൽ നിറയെ തൂങ്ങിക്കിടക്കുന്ന വവ്വാലുകൾ ആയിരുന്നു ഇവിടുത്തെ മറ്റൊരു പ്രത്യേകത. എന്നാൽ ഇന്ന് അവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
കാട്ടിലേക്ക് ഒഴുകി വരുന്ന തോട് എല്ലാ വർഷവും പല ഘട്ടങ്ങളിലായി മുനിസിപ്പാലിറ്റിയിലെ തൊഴിലുറപ്പ് തൊഴിലാളികളെത്തി വൃത്തിയാക്കാറുണ്ട്. എന്നാൽ പലരും തോട്ടിൽ പ്ലാസ്‌റ്റിക് മാലിന്യങ്ങൾ ഒഴുക്കി വിടുന്നത് അതിന്റെ സൗന്ദര്യത്തിന് ഒരു വെല്ലുവിളിയാണ്. കുളിക്കുന്നതിനും തുണിയലക്കുന്നതിനുമായി നാട്ടുകാർ തോട്ടിലെ വെള്ളം ഉപയോഗിക്കാറുണ്ട്. അവരുടെ ആരോഗ്യത്തിനും ചിലർ ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ ഭീഷണിയാകുമെന്ന് പ്രകൃതിസ്‌നേഹികൾ പറയുന്നു. അതിനാൽ പ്രകൃതിലെ ഇത്തരം സ്ഥലങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഓരോരുത്തരുടെയും കടമയാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.