അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നു, ഈ നദികളിൽ ഇറങ്ങാനോ മുറിച്ചുകടക്കാനോ പാടില്ല
തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനാൽ തിരുവനന്തപുരത്ത് വാമനപുരം (മൈലമൂട് സ്റ്റേഷൻ) നദിയിലും കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) നദിയിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.
തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. ആവശ്യമെങ്കിൽ അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കേണ്ടതാണ്. അതേസമയം സംസ്ഥാനത്ത് മഴ കനത്തതിനെ തുടർന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഓറഞ്ച് അലർട്ട്
24/10/2025: തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട്
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.