സെന്റ് തെരേസ് പ്രതിബദ്ധതയുള്ള കോളേജ്: രാഷ്ട്രപതി ദ്രൗപതി മുർമു

Saturday 25 October 2025 12:54 AM IST

കൊച്ചി: സെന്റ് തെരേസാസ് കോളേജ് പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയെ വിജ്ഞാനത്തിന്റെ മഹാശക്തിയായി ഉയർത്തുവാൻ സഹായിക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. സിവിൽ സർവീസിലുൾപ്പെടെ എല്ലാ മേഖലകളിലും തെരേസാസിലെ പൂർവ വിദ്യാർത്ഥികളുടെ സേവനം അഭിമാനകരമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കോളേജിന്റെ ശതാബ്ദി ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ആത്മീയ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ കോളേജ് സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നു. സാമൂഹിക പരിവർത്തനത്തിനും രാഷ്ട്രനിർമ്മാണത്തിനും ഇത് വലിയ സംഭാവനയാണ്. കോളേജ് സ്ഥാപിക്കുകയും ഒരു നൂറ്റാണ്ട് നേട്ടങ്ങളിലൂടെ നയിക്കുകയും ചെയ്ത വ്യക്തികളുടെ ദർശനത്തേയും പാരമ്പര്യത്തെയും അംഗീകരിക്കണം. സ്ത്രീകൾക്കിടയിൽ കോളേജ് അറിവിന്റെ വെളിച്ചം പരത്തുന്നു. ജീവിതങ്ങളെ പരിവർത്തനം ചെയ്തു. കോളേജിന്റെ സ്ഥാപകയായ മദർ തെരേസയുടെ പാരമ്പര്യം തുടരണം. മിടുക്കികളായ വിദ്യാർത്ഥിനികൾ യുവ ഇന്ത്യയെയും വളരുന്ന ഇന്ത്യയെയും ഊർജ്ജസ്വലമായ ഇന്ത്യയെയും പ്രതിനിധീകരിക്കുന്നു. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ സേവിക്കുന്നതും ലളിതമായ ജീവിതശൈലി നിലനിറുത്തുന്നതും പ്രശംസനീയമാണ്. വിദ്യാഭ്യാസത്തിലൂടെ സുസ്ഥിരത, നേതൃത്വം, ഏജൻസി എന്നിവ പ്രോത്സാഹിപ്പിക്കുന്ന സ്ളേറ്റ് എന്ന പദ്ധതി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത പ്രകടമാക്കുന്നു. സുസ്ഥിര വികസനത്തിന് യുവാക്കളെ സന്നദ്ധരാക്കുകയും നാളേയ്ക്കായി പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് രാഷ്ട്രപതി പറഞ്ഞു.