ഹിജാബ് വിവാദം ഹൈക്കോടതിയിൽ രമ്യമായ പരിഹാരം
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ യൂണിഫോമിനൊപ്പം ശിരോവസ്ത്രവും (ഹിജാബ്) ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ പുറത്തു നിറുത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹൈക്കോടതിയിൽ രമ്യമായ പരിഹാരം. ഈ സ്കൂളിൽ കുട്ടി പഠനം തുടരുന്നില്ലെന്നും പ്രശ്നം വലുതാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രക്ഷിതാക്കൾ അറിയിച്ച സാഹചര്യത്തിലാണിത്. സ്കൂൾ അധികൃതരും സർക്കാരും അനുകൂല നിലപാടെടുത്തതോടെ ഇതുസംബന്ധിച്ച ഹർജിയിലെ തുടർനടപടികൾ ജസ്റ്റിസ് വി.ജി. അരുൺ അവസാനിപ്പിച്ചു.
ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമുദായസൗഹാർദ്ദം നിലനിൽക്കട്ടേയെന്ന് കോടതി പറഞ്ഞു. ഹിജാബ് വിഷയത്തിൽ സ്‌കൂൾ അധികൃരുടെ വീഴ്ച ചൂണ്ടിക്കാട്ടി എറണാകുളം ഡി.ഇ.ഒ നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്‌കൂൾ മാനേജർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കേസിൽ കക്ഷികളായ വിദ്യാർത്ഥിനിയും പിതാവും കോടതിയിൽ ഹാജരായിരുന്നു. പള്ളുരുത്തി സ്കൂളിൽ കുട്ടി പഠനം തുടരുന്നില്ലെന്നും പ്രശ്നം വലുതാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇവരുടെ അഭിഭാഷകൻ അറിയിച്ചു. വിഷയം വഷളാക്കാനാണ് മാനേജ്മെന്റിന്റെ ഹർജിയെന്നും ആരോപിച്ചു.
എന്നാൽ, യൂണിഫോമിലും അച്ചടക്കത്തിലും രാജ്യാന്തരനിലവാരം പാലിക്കാനുള്ള നിർദ്ദേശമാണ് നൽകിയതെന്നും ആരെയും ഒറ്റപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു. മദ്ധ്യസ്ഥചർച്ചയിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി. തർക്കവും നിയമനടപടികളും തുടർന്നു പോകേണ്ടതില്ലെന്ന് സർക്കാരും നിലപാടെടുത്തു. പ്രത്യേക മദ്ധ്യസ്ഥശ്രമം ആവശ്യമില്ലെന്നും ഹൈക്കോടതിയിൽത്തന്നെ പരിഹാരമുണ്ടാക്കാമെന്നും വ്യക്തമാക്കിയാണ് സിംഗിൾബെഞ്ച് ഹർജി തീർപ്പാക്കിയത്.