ഇനിയും മത്സരങ്ങള്‍ ബാക്കി, എന്നിട്ടും ഇന്ത്യ എങ്ങനെ ലോകകപ്പ് സെമിയില്‍ പ്രവേശിച്ചു ?

Friday 24 October 2025 7:39 PM IST

നവി മുംബയ്: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനല്‍ യോഗ്യത നേടിയിരുന്നു. ആറ് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായിട്ടാണ് ഒരു മത്സരം ശേഷിക്കെ സെമിയിലെത്തുന്ന നാലാമത്തെ ടീമായി ഇന്ത്യ മാറിയത്. ഇന്ത്യയോട് തോറ്റ ന്യൂസിലാന്‍ഡിന് ഒരു മത്സരം അവശേഷിക്കെ നാല് പോയിന്റുകളുണ്ട്. ശ്രീലങ്കയ്ക്കും സമാനമായ സാഹചര്യമാണുള്ളത്. ഇന്ത്യ തങ്ങളുടെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോട് തോല്‍ക്കുകയും ന്യൂസിലാന്‍ഡും ശ്രീലങ്കയും അവരുടെ അവസാന മത്സരങ്ങള്‍ വിജയിക്കുകയും ചെയ്താല്‍ മൂന്ന് പേര്‍ക്കും ആറ് പോയിന്റാകും.

ഗ്രൂപ്പ് ഘട്ടം കഴിയുമ്പോള്‍ മൂന്ന് ടീമുകള്‍ പോയിന്റ് നിലയില്‍ തുല്യത പാലിക്കാന്‍ സാദ്ധ്യത അവശേഷിക്കുമ്പോള്‍ ഇന്ത്യ എങ്ങനെ സെമിക്ക് യോഗ്യത നേടിയെന്നതാണ് ചില ക്രിക്കറ്റ് ആരാധകരുടെയെങ്കിലും സംശയം. എന്നാല്‍ വസ്തുത എന്താണെന്നാല്‍ മഴയാണ് ഇന്ത്യയെ തുണച്ചതും ഒപ്പം ന്യൂസിലാന്‍ഡിനേയും ശ്രീലങ്കയേയും ചതിച്ചതും. ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ തുല്യമാണ് പോയിന്റ് എന്ന സ്ഥിതി വന്നാലും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ചത് ഇന്ത്യയാണ് എന്നതാണ് സെമി പ്രവേശനം ഉറപ്പായതിന് പിന്നിലെ കാരണം.

ഇന്ത്യയുടെ ഒരു മത്സരം പോലും മഴ കാരണം ഉപേക്ഷിക്കുന്ന സ്ഥിതി ഉണ്ടായില്ല. എന്നാല്‍ ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിവര്‍ക്ക് തങ്ങളുടെ രണ്ട് മത്സരങ്ങളാണ് മഴ കാരണം നഷ്ടപ്പെട്ടത്. ഓരോ മത്സരങ്ങള്‍ മാത്രമാണ് ഇരുവരും വിജയിച്ചത്. അവസാന മത്സരങ്ങള്‍ രണ്ട് ടീമുകളും വിജയിച്ചാല്‍ പോലും രണ്ട് വിജയമേ സ്വന്തം ക്രെഡിറ്റിലുണ്ടാകുകയുള്ളൂ. ഇന്ത്യക്ക് ഇപ്പോള്‍ തന്നെ മൂന്ന് ജയമായി. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ പരാജയപ്പെടുത്തിയാല്‍ ആകെ ജയം നാലാകും.

അതേസമയം, സെമിയില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ല. നിലവിലെ ചാമ്പ്യന്‍മാരും അതിശക്തരുമായ ഓസ്‌ട്രേലിയ, മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്, തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്ക എന്നിവരാണ് സെമിയില്‍ പ്രവേശിച്ച മറ്റ് ടീമുകള്‍. ഈ മൂന്ന് ടീമുകളോടും ഏറ്റുമുട്ടിയപ്പോള്‍ പരാജയമായിരുന്നു ഇന്ത്യയുടെ വിധി. എന്നാല്‍ മൂന്ന് എതിരാളികള്‍ക്കെതിരേയും മികച്ച പ്രകടനം പുറത്തെടുത്തതിന് ശേഷമാണ് തോല്‍വി വഴങ്ങിയതെന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കും.