'വിരമിക്കല്‍ മത്സരം ആണെന്ന് കരുതി', രോഹിത് ശര്‍മ്മയോട് ഗൗതം ഗംഭീര്‍ പറഞ്ഞത്

Friday 24 October 2025 8:37 PM IST

അഡലെയ്ഡ്: 2027 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍താരങ്ങളും മുന്‍ നായകന്‍മാരുമായ വിരാട് കൊഹ്ലിയും രോഹിത് ശര്‍മ്മയും കളിക്കുമോ? ആരാധകര്‍ക്കിടയില്‍ ഈ ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇരുവരും ട്വന്റി 20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചത് മുതല്‍ ഏകദിനവും അധികം വൈകാതെ മതിയാക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇരുവരും 2027ല്‍ ടീമിലുണ്ടാകുമോയെന്ന ചോദ്യം കോച്ച് ഗൗതം ഗംഭീറും, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും പലകുറി നേരിട്ടു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കിയിട്ടും രോഹിത് ശര്‍മ്മയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതോടെ വിരമിക്കല്‍ അഭ്യൂഹങ്ങളും പുറത്താക്കാന്‍ പോകുന്നുവെന്ന അഭിപ്രായങ്ങളും വീണ്ടും ഉയര്‍ന്നു. രോഹിത്തിന്റെ പിന്‍ഗാമിയായി ടെസ്റ്റിന് പിന്നാലെ ഏകദിന ക്രിക്കറ്റിലും നായക പദവി ഏറ്റെടുത്ത ശുബ്മാന്‍ ഗില്ലിനോടും മാദ്ധ്യമങ്ങള്‍ ഈ ചോദ്യം ഉന്നയിച്ചു. ഫോമും ഫിറ്റ്‌നെസുമായിരിക്കും ടീമിലേക്കുള്ള മാനദണ്ഡം, പ്രായം ഒരിക്കലും ഒരു ഘടകമായിരിക്കില്ല എന്നാണ് ഒളിഞ്ഞും തെളിഞ്ഞും അഗാര്‍ക്കറും ഗംഭീറും പറയുന്നത്.

ഏകദിന ലോകകപ്പ് ഉയര്‍ത്തുകയെന്ന തന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കാന്‍ രോഹിത് ശര്‍മ്മയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഫിറ്റ്‌നെസും ഫോമും നിലനിര്‍ത്താന്‍ കഠിനപ്രയത്‌നത്തിലാണ് രോഹിത് ശര്‍മ്മ. അടുത്തിടെയാണ് താരം 20 കിലോ ഭാരം കുറച്ചത്. പുത്തന്‍ ഗെറ്റപ്പില്‍ ഓസ്‌ട്രേലിയയില്‍ എത്തിയ രോഹിത് ശര്‍മ്മ ആദ്യ മത്സരത്തില്‍ 15 പന്തുകളില്‍ നിന്ന് എട്ട് റണ്‍സ് മാത്രം നേടി പുറത്തായി. ഈ മത്സരത്തില്‍ കൊഹ്ലി പൂജ്യത്തിന് പുറത്തായി. ഇതോടെ വീണ്ടും വിരമിക്കല്‍ തിയറികള്‍ തലപൊക്കി.

രണ്ടാം മത്സരത്തിലും കൊഹ്ലി പൂജ്യം ആവര്‍ത്തിച്ചപ്പോള്‍ 'രോ-കോ' ആരാധകര്‍ നിരാശയിലായി. രോഹിത് ശര്‍മ്മ ഈ മത്സരത്തില്‍ 73 റണ്‍സ് നേടി ടോപ് സ്‌കോററായതോടെ ആരാധകര്‍ സന്തോഷത്തിലായി. പുറത്തായതിന് ശേഷം രോഹിത് ശര്‍മ്മയോട് ഗൗതം ഗംഭീര്‍ പറഞ്ഞ വാക്കുകള്‍ ആരാധകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. 'ഇന്ന് നിങ്ങളുടെ വിരമിക്കല്‍ മത്സരം ആണെന്ന് എല്ലാവരും കരുതി, അവരെ നിരാശരാക്കരുത്, ഒരു ഫോട്ടോയെങ്കിലും പോസ്റ്റ് ചെയ്യൂ' തമാശ രൂപേണയുള്ള ഗംഭീറിന്റെ ഈ വാക്കുകള്‍ രോഹിത് ഉടനെ വിരമിക്കില്ലെന്ന സൂചനയായാണ് ആരാധകര്‍ കാണുന്നത്.