ആധുനിക വാസ്തുവിദ്യയിൽ അരനൂറ്റാണ്ടിന്റെ നിറവിൽ എൻ. മഹേഷ്, ഈ പെൻസിൽ മുനയിൽ പിറന്നത് മഹാരൂപങ്ങൾ

Saturday 25 October 2025 1:36 AM IST

ഇഷ്ടമേഖലയിൽ പ്രവർത്തിക്കാൻ എല്ലാവർക്കുമാവില്ല. പ്രവർത്തനമേഖല എല്ലാവ‌ർക്കും ഇഷ്ടമുള്ളതാവണമെന്നുമില്ല. ഇതുരണ്ടും ചേരുമ്പോഴാണ് മാസ്റ്റർപീസുകൾ ജനിക്കുന്നത്. അരനൂറ്റാണ്ടിലേറെയായി ലാൻഡ് മാർക്ക് പ്രോജക്ടുകൾ നിർമ്മിച്ച് ,ഓരോ പ്രോജക്ടും മാസ്റ്റർപീസാക്കിയ ആർക്കിടെക്ടാണ് എൻ. മഹേഷ്. അയ്യർ ആൻഡ് മഹേഷ് ആർക്കിടെക്ട്‌സ് പ്രിൻസിപ്പൽ ആർക്കിടെക്ടും പ്രൊപ്രൈറ്ററും കോളേജ് ഒഫ് ആർക്കിടെക്ചർ സ്ഥാപക ചെയർമാനുമായ എൻ. മഹേഷ് കേരളകൗമുദിയോട് സംസാരിക്കുന്നു.

?​ പെൻസിൽ സ്കെച്ച് വരച്ച് പ്ലാൻ തയ്യാറാക്കിയിരുന്ന കാലം നിർമ്മിതിബുദ്ധിക്ക് വഴിമാറി. എ.ഐയ്ക്ക് ആർകിടെക്ചറിൽ റോളുണ്ടോ.

എഴുപത്തിയഞ്ചാം വയസിലും എന്റെ പോക്കറ്റിലൊരു പെൻസിലുണ്ട്. ഇപ്പോഴും പുലർച്ചെ ഉണർന്ന് പെൻസിൽ സ്കെച്ച് തയ്യാറാക്കി ഓഫീസിൽ കൊണ്ടുവരും. വായുവും വെള്ളവും കഴിഞ്ഞാൽ പെൻസിലിനു ശേഷമേ ഭക്ഷണത്തിനു പോലും എന്റെ ജീവിതത്തിൽ സ്ഥാനമുള്ളു. പെൻസിൽകൊണ്ട് വരയ്ക്കുന്നതിലാണ് സർഗാത്മകത. നിർമ്മിതബുദ്ധിക്കു കാരണമായത് മനുഷ്യബുദ്ധിയാണല്ലോ. അതുകൊണ്ട് എ.ഐയിലൂടെ വരയ്ക്കുന്ന പ്ലാനും മനുഷ്യബുദ്ധിയുടെ സൃഷ്ടിതന്നെ.

?​ പ്ലാറ്റിനം റേറ്റിംഗ്, ഗോൾഡ് റേറ്റിംഗ്, പഞ്ചനക്ഷത്ര ഹോട്ടലുകൾ, രാജ്യത്തിന് പുറത്ത് അംബരചുംബികൾ... 50 വർഷം പിന്നിട്ട് തിരിഞ്ഞുനോക്കുമ്പോൾ എന്താണ് മനസിൽ.

ദക്ഷിണേന്ത്യയിൽ ഏഴ് ഗ്രീൻ റേറ്റഡ് കെട്ടിടങ്ങൾ രൂപല്പന ചെയ്തു. എ.കെ.ജി സെന്റർ, ഓ ബൈ താമര, ടെക്നോപാർക്ക്, ഇൻഫോസിസ്, നടൻ ശ്രീനിവാസന്റെ വീട് തുടങ്ങിയവ അതിൽ ചിലതാണ്. ഊർജസംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന കെട്ടിടങ്ങൾ സ്വതസിദ്ധമായാണ് നിർമ്മിക്കുന്നത്. പരമാവധി കാറ്റും വെളിച്ചവും ഉറപ്പാക്കി സുസ്ഥിരമായ സാമഗ്രികൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ രൂപകല്പന ചെയ്യുക,​ ഗൃഹ, ഐ.ജി.ബി.സി തുടങ്ങിയ അടിസ്ഥാനനിയമങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല.

1972-ലാണ് പാസായത്. പിന്നീട് സി.ഇ.ടിയിൽ ലക്ചററായി. ജോലി രാജിവച്ച് പ്രമുഖ ആർക്കിടെക്ട് ചാൾസ് കൊറിയയ്ക്കൊപ്പം പ്രവർത്തിച്ചു. അദ്ധ്യാപകരുടെ നിർബന്ധംമൂലം വീണ്ടും സി.ഇ.ടിയിലെത്തി. സ്വകാര്യ പ്രാക്ടീസിംഗ് ആയിരുന്നു സ്വപ്നം. പഠിച്ചിറങ്ങിയ ഉടൻ തലസ്ഥാനത്ത് ന്യൂ തീയേറ്റർ രൂപകല്പന ചെയ്യാൻ അവസരമൊരുങ്ങി. ഒരു 21-കാരനെ സംബന്ധിച്ച് അതൊരു സുവർണാവസരമായിരുന്നു. അച്ഛന്റെ അനുജൻ (ചിറ്റപ്പൻ) രാമസ്വാമി അയ്യർ ചീഫ് ആർക്കിടെക്ടായിരുന്നു. എന്നെ ഞാനാക്കിയ അദ്ദേഹത്തെ ദൈവത്തെപ്പോലെയാണ് കരുതുന്നത്.

?​ കിട്ടിയ അവസരങ്ങളിൽ പൂർണതൃപ്തനാണോ.

പ്രാക്ടീസ് ആരംഭിച്ച സമയത്ത് കേരളത്തിൽ അധികം ആർക്കിടെക്ടുകളില്ല. വിവാഹമുറപ്പിക്കുമ്പോൾ ഭാര്യയുടെ ബന്ധുക്കൾ ആർക്കിടെക്ട് എന്ന് കേട്ടിട്ടുപോലുമില്ല. അക്കാലത്ത് 20-30 പ്രോജക്ടുകളിൽ എന്റെ പേരുള്ള ബോർഡ് വരും. പങ്കജ് ഹോട്ടൽ, സൗത്ത് പാർക്ക്, ഗീത് ഹോട്ടൽ, തുടങ്ങിയവ രൂപകല്പന ചെയ്തു.

?​ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ വികസനം വലിയൊരു അവസരമായിരുന്നല്ലോ...

രാമസ്വാമി ചിറ്റപ്പന്റെ അടുത്തസുഹൃത്തായ കുര്യാക്കോസ് എന്നൊരു ആർക്കിടെക്ട് ഉണ്ടായിരുന്നു. റെയിൽവേ ചീഫ് എൻജിനിയർ അൻവർ വർഗീസ് കുര്യാക്കോസ് സാറിന്റെ ശിഷ്യനായിരുന്നു. തിരുവനന്തപുരം മുതൽ കന്യാകുമാരി വരെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ റെയിൽവേ പദ്ധതി രൂപകല്പന ചെയ്യാനൊരു പ്ലാനുണ്ടായിരുന്നു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ റീ- അഡാപ്ട് ചെയ്ത് സംരക്ഷിക്കണം. കന്യാകുമാരി ടെർമിനൽ ചെയ്യണമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. അത്രയും വലിയ ഉത്തരവാദിത്വം 26-കാരനായ എന്നെ ഏല്പിച്ചത് എന്നിലുണ്ടായിരുന്ന വിശ്വാസംകൊണ്ടാണ്. എന്നെക്കൊണ്ട് ഡിസൈൻ വരപ്പിച്ചു. ടെർമിനൽ ലൊക്കേഷൻ ഉറപ്പിച്ചു. അദ്ദേഹത്തിന്റെ പകുതി പ്രായം പോലുമില്ലാത്ത എന്നോട് ടെർമിനലിന്റെ ഒരു മോഡൽ തയ്യാറാക്കാൻ പറഞ്ഞു.

അങ്ങനെയിരിക്കെ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി, റെയിൽവേമന്ത്രി മധുദന്തവദെ, തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആർ, കേരള മുഖ്യമന്ത്രി അച്യുതമേനോൻ അടക്കം 20 പേ‌ർ ഇവിടെയൊരു മീറ്റിംഗ് വിളിച്ചുചേർത്തു. കന്യാകുമാരി സ്റ്റേഷൻ രൂപകല്പനയായിരുന്നു പ്രധാന അജണ്ട. അവിടെ,​ ചെറിയൊരു കുഞ്ഞിന്റെ വലിപ്പം പോലുമില്ലാത്തൊരു മോഡലും കയ്യിൽ പിടിച്ച് വർഗീസ് സാറിനൊപ്പം ഞാൻ നിന്നു. പുറത്ത് വലിയൊരു ലോറിയിൽ ടാജ്മഹൽ പോലെയൊരു കൂറ്റൻ മോഡൽ റെയിൽവേ ചീഫ് ആർക്കിടെക്ട് തോയെയുടെ നേതൃത്വത്തിൽ കൊണ്ടുവന്നിരുന്നു. നമ്മുടെ ഈ ചെറിയ ഡിസൈൻ സ്വീകരിക്കുമോയെന്ന് ഞാൻ വർഗീസ് സാറിനോട് ചോദിച്ചു. അദ്ദേഹം എനിക്ക് ആത്മവിശ്വാസം നൽകി.

വൈകാതെ ഞങ്ങളെ ഉള്ളിലേക്കു വിളിച്ചു. എന്റെ ഡിസൈൻ ദ്രവീഡിയൻ ആർകിടെക്ചറിന്റെ ആധുനിക അവതരണമായിരുന്നു. 'കന്യാകുമാരിക്ക് ഇതുതാൻ വേണം' എന്ന് എം.ജി.ആർ പറഞ്ഞു. എന്നാൽ വലിയ മോഡൽ ചൂണ്ടിക്കാട്ടി,​ 'ദിസ് ഈസ് ഓൾറെഡി അക്സപ്റ്റഡ് ബൈ പ്രൈംമിനിസ്റ്റ‌ർ' എന്നായി തോയെ. 'വിച്ച് പ്രൈംമിനിസ്റ്റർ?'- റെയിൽവേ മന്ത്രിയുടെ ആ ചോദ്യത്തിന് മറുപടിയുടെ ആവശ്യമില്ലായിരുന്നു. ഇന്ദിരാ ഗാന്ധി എന്നു കേട്ടപ്പോഴെ അത് തള്ളപ്പെട്ടു. അങ്ങനെ എന്റെ ഡിസൈൻ തിരഞ്ഞെടുക്കപ്പെട്ടു.

?​ കേരളത്തിൽ ആദ്യ പ്ലാറ്റിനം റേറ്റിംഗ് കിട്ടിയ ശ്രീനിവാസന്റെ വീടിന്റെ പ്രത്യേകത.

മരങ്ങൾ വെട്ടിയിട്ടില്ല. മഴവെള്ളസംഭരണി, സോളാർ സംവിധാനം, അത്യാധുനിക എയർ കണ്ടിഷനിംഗ്

തുടങ്ങിയവ അതിനുണ്ട്. പ്രിഥ്വിരാജിന്റെ വീടും രൂപകല്പന ചെയ്തു. മല്ലിക എന്റെ സുഹൃത്താണ്. രാജുവിന് വീടിന്റെ നിർമ്മാണത്തിൽ വ്യക്തമായ ധാരണയുണ്ടായിരുന്നു.

?​ വീടിന് ജീവനുണ്ടോ.

വീടിന്റെ ഐശ്വര്യവും ജീവനും അവിടെ താമസിക്കുന്നവരാണ്. അവരുടെ സ്വഭാവമാണ് വീടിന്റെ ജീവൻ. നല്ലൊരു സമ്മാനപ്പൊതിക്കുള്ളിലെ സമ്മാനം നല്ലതല്ലെങ്കിൽ കാര്യമില്ലല്ലോ. സ്നേഹമുള്ളവർ കാത്തിരിക്കുന്നിടമാണ് വീട്. കലഹിക്കുമ്പോൾ വീട് വീടല്ലാതാകും.

?​ തിരുവനന്തപുരത്തിന് കെട്ടിടങ്ങളുടെ ബാഹുല്യം കാരണം ശ്വാസംമുട്ടുന്നുണ്ടോ.

തലസ്ഥാനമെങ്കിലും ഇന്ത്യയിൽ വികസനം തീരെയില്ലാത്ത നാടാണ് തിരുവനന്തപുരം. നഗരം നന്നാക്കാനുള്ള ദീർഘവീക്ഷണമില്ല. ഉദാഹരണത്തിന്,​ തിരുവനന്തപുരം മെട്രോയുടേത് വളരെ തെറ്റായ അലൈൻമെന്റാണ്. ആ രീതിയിൽ മുന്നോട്ടുപോയാൽ തിരുവനന്തപുരം നശിക്കും. വിദഗ്ദ്ധരുടെ ഉപദേശങ്ങൾ ചെവികൊള്ളുന്നവരും കുറവാണ്.

?​ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നിർമ്മാണങ്ങൾ നടക്കുന്നുണ്ടോ.

കെട്ടിടം, വൈദ്യുതി, വെള്ളം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏറ്രവുമധികം ലംഘിക്കുന്നത് സർക്കാരാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം നന്നാക്കാൻ 80 കോടി രൂപ കേന്ദ്രം കൊടുത്തു. നിർമ്മിതികേന്ദ്രവും ഹൗസിംഗ് ബോർഡും അത് സംരക്ഷിക്കുന്നതിനു പകരം സിന്തറ്റിക്ക് സാമഗ്രികൾ കൊണ്ടുവന്ന് നശിപ്പിച്ചു. ബഡ്ജറ്റ് പൂർണമായി വിനിയോഗിക്കുന്നില്ല.

?​ ഇനിയും വലിയ ലക്ഷ്യങ്ങൾ.

95 കഴിഞ്ഞപ്പോൾ,​ ഈ രംഗത്ത് ഒരു മാസ്റ്റർ പദവി ലഭിച്ചില്ലെന്ന തോന്നലുണ്ടായി. അന്ന് മൂന്ന് കാര്യങ്ങൾ തീരുമാനിച്ചു. ഒന്ന് ടിംബർ ആർക്കിടെക്ചർ പുനരുജ്ജീവിപ്പിക്കണം. അന്താരാഷ്ട്ര ബ്രാൻഡുകൾ രൂപകല്പന ചെയ്യണം. എനിക്ക് ലഭിച്ച അറിവ് സമൂഹത്തിലേയ്ക്ക് പകരണം. അതിനായി കോളേജ് ഒഫ് ആർക്കിടെക്ചർ ആരംഭിച്ചു. പുസ്തകമെഴുതണമെന്ന ആഗ്രഹവും സഫലമായി. ചരിത്രകാരൻ എം.ജി. ശശിഭൂഷണുമായി ചേർന്ന് ക്ഷേത്ര വാസ്തുവിദ്യയെക്കുറിച്ച് വലിയൊരു പുസ്തകമെഴുതുന്നതാണ് മറ്റൊരു ആഗ്രഹം. ലിഡാർ ടെക്നോളജി ഉപയോഗിച്ച് മാപ്പ് ചെയ്ത് ക്ഷേത്രനിർമ്മാണത്തെക്കുറിച്ചും അക്കാലത്തെ സാങ്കേതികവിദ്യയെക്കുറിച്ചും പഠിക്കുകയാണ് ലക്ഷ്യം.

?​ ആധുനിക വാസ്തുവിദ്യയുടെ പെരുന്തച്ചൻ എന്ന് വിശേഷിപ്പിക്കാറുണ്ടല്ലോ...

പണത്തിനു വേണ്ടിയല്ല. പാഷൻകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. ഇഷ്ടപ്പെട്ടത് ചെയ്യുന്നതുകൊണ്ടാവാം അസുഖങ്ങൾ ജീവിതത്തെ ബാധിക്കുന്നില്ല. ഇതല്ലാതെ വേറൊരു മേഖലയും അറിയില്ല. പടുകൂറ്റൻ കെട്ടിടങ്ങൾ പണിയുമെങ്കിലും ഒരു പേനയുടെ റീഫിൽ മാറ്റോനോ ഒരു ചായയിടാനോ പോലും അറിയില്ലെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. വീൽചെയറിലാകുന്നതു വരെ ജോലി ചെയ്യും.

?​ കുടുംബത്തിന്റെ പിന്തുണ.

തൊടുപുഴ സ്വദേശിയായ ഭാര്യ ലതാ മഹേഷ് വലിയ പിന്തുണയാണ്. സ്കൂൾ ഒഫ് ആർട്ട്സിലെ നാരായണ അയ്യർ വലിയ പിന്തുണ നൽകിയിട്ടുണ്ട്. മക്കൾ സുമന്ത് ന്യൂയോർക്കിലാണ്. ഹേമന്ത് പല സംരംഭങ്ങൾ ചെയ്യുന്നു. അവർ എന്റെ പാത പിന്തുടരാത്തതിൽ ദുഃഖമില്ല. കർമ്മമേഖലയിൽ അവർ നന്നായി ശോഭിക്കുന്നുണ്ട്.