അന്ധവിശ്വാസത്തിന്റെ കെണിയിൽ കടുവകൾ,​ കൊന്നും കൊല്ലാതെയും കള്ളക്കടത്ത്

Saturday 25 October 2025 1:49 AM IST

കൊച്ചി: കടുവയുടെ അസ്ഥിപൊടിച്ചിട്ട ചായയും ഔഷധങ്ങളും സേവിച്ചാൽ കടുവയുടെ കരുത്ത് കൈവരുമെന്ന് കരുതുന്നവർ ഈ ശാസ്ത്രയുഗത്തിലും ഏറിവരുന്നു. ഇതുകാരണം ജീവനുള്ളതോ കൊല്ലപ്പെട്ടതോ ആയ കടുവയ്ക്കും ശരീരാവശിഷ്ടങ്ങൾക്കും കള്ളക്കടത്ത് മാർക്കറ്റിൽ പൊന്നും വില. ആ‌ഡംബര വസ്തുക്കളുടെ നിർമ്മാണത്തിനും കടുവകളെ വേട്ടയാടുന്നു. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് കടുവവേട്ട കൂടുതൽ.

വനത്തിൽ കയറി വേട്ടയാടുന്നതിന് പുറമേ രഹസ്യസങ്കേതങ്ങളിൽ കടുവകളെ വള‌ർത്തിയും വിപണനം ചെയ്യുന്നുണ്ട്. ആഫ്രിക്കൻ ആന, കാണ്ടാമൃഗം, പുലി, ഈനാംപേച്ചി തുടങ്ങി ഒട്ടേറേ വന്യജീവികളും അന്ധവി​ശ്വാസി​കളുടെ ഡി​മാൻഡ് മൂലം വംശനാശ ഭീഷണിയിലാണെന്ന് പഠനങ്ങൾ പറയുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ലോകത്ത് ഒരു ലക്ഷം കടുവകൾ ഉണ്ടായിരുന്നു.രാജാക്കൻമാരുടെയും മറ്റും വേട്ടയാടൽ കാരണം കുത്തനേ കുറഞ്ഞിരുന്നു.

അവശേഷിക്കുന്നതാകട്ടെ 5600 കടുവകൾ മാത്രം.ഇതിൽ 50 ശതമാനവും ഇന്ത്യയിലാണ്. ബാക്കിയുള്ളവ ചൈന, ബംഗ്ലാദേശ്, വിയറ്റ്നാം, കംബോഡിയ, ഭൂട്ടാൻ, തായ്ലാൻഡ്, മലേഷ്യ, ലാവോസ്, റഷ്യ, നേപ്പാൾ, മ്യാൻമർ, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ്.

ഓരോ 26 മിനിറ്റിലും ആഫ്രിക്കൻ ആന വേട്ടയാടപ്പെടുന്നു.

ഒരുനൂറ്റാണ്ടുകൊണ്ട് ആഫ്രിക്കൻ കാണ്ടാമൃഗത്തിന്റെ അംഗസംഖ്യ 5 ലക്ഷത്തിൽനിന്ന് 27,990ലേക്ക് കൂപ്പുകുത്തി

1972നും 2023നുമിടയിൽ രാജ്യത്തെ ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും എണ്ണം പതിന്മടങ്ങ് വർദ്ധിച്ചിട്ടും വന്യജീവി സംരക്ഷണത്തിൽ അതനുസരിച്ച് പുരോഗതി ഉണ്ടായിട്ടില്ല.

രണ്ടു വർഷത്തിനിടെ

കുറഞ്ഞത് 322 കടുവകൾ

# 2024-25ൽ ഇന്ത്യയിൽ 322 കടുവകളും 938 പുള്ളിപ്പുലികളും കൊല്ലപ്പെട്ടിട്ടുണ്ട്. 76 കടുവയും 209 പുള്ളിപ്പുലിയും വേട്ടയ്‌ക്ക് ഇരയായതാണ്.

50,000 ഡോളർ:

കടുവയുടെ

അന്താരാഷ്ട്ര

വിപണി വില

3,377:

2000- 2022ൽ കള്ളക്കടത്ത്

സംഘങ്ങളിൽ നിന്ന്

മോചിപ്പിച്ച കടുവകൾ

1,30,000:

ലോകത്തുള്ള

ആനകൾ

7-23 ബില്യൺ ഡോളർ:

പ്രതിവർഷം വന്യമൃഗങ്ങളുടെ

കള്ളക്കടത്ത് വ്യാപാരം

( വേൾ‌ഡ് അനിമൽ ഫൗണ്ടേഷന്റെ കണക്ക്)