പഴുതടച്ച്, കൃത്യതയോടെ ടൗൺഷിപ്പ് നിർമ്മാണം
കൽപ്പറ്റ: വയനാട് ഉരുൾദുരിതബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമ്മാണം എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരു പരാതിക്കും ഇടംനൽകാതെ പഴുതടച്ച്,കൃത്യതയോടെ പുരോഗമിക്കുന്നു. ഓരോ ഘട്ടത്തിലേയും ഗുണനിലവാരം പരിശോധിച്ചാണ് നിർമ്മാണം. സ്ഥലത്തെ മണ്ണ് മുതൽ കമ്പി,സിമന്റ്,മണൽ എന്നിവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി. പ്രൊജക്ട് കൺസൾട്ടന്റായ കിഫ്കോൺ എൻജിനിയർമാരുടെ സാന്നിദ്ധ്യത്തിൽ സ്ഥലത്തെ ലാബിലാണ് പരിശോധന നടത്തുന്നത്. ഏത് പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കുന്ന പ്ളിന്ത് ബീമും റൂഫ് ബീമും ഷിയർ ഭിത്തികളും ചേർന്ന ഫ്രെയിംഡ് സ്ട്രക്ചറിലാണ് കെട്ടിട നിർമ്മാണം. ഭാവിയിൽ മുകൾ നിലയും പണിയാം. ഓരാേ വീടും നിർമ്മാണം പൂർത്തിയാകുമ്പോഴും 58 പരിശോധനകൾ കഴിഞ്ഞിരിക്കും.
ഭൂഗർഭ വൈദ്യുത
വിതരണം
ഭൂഗർഭ വൈദ്യുത വിതരണ ശൃംഖലയാണ് ഒരുക്കുന്നത്. ഇതിനായി കേബിൾ ഡപ്ത്തുകൾക്കുളള കുഴിയൊരുങ്ങി. ടൗൺഷിപ്പിൽ നിർമ്മിക്കുന്ന 110 കെ.വി സബ് സ്റ്റേഷനിൽ നിന്ന് 11കെ.വി. ലൈൻ ഭൂഗർഭ വിതരണ ശൃംഖലയിലേക്ക് എത്തിച്ചായിരിക്കും വീട്,പൊതുകെട്ടിടങ്ങൾ,തെരുവുവിളക്ക് എന്നിവയിലെല്ലാം വൈദ്യുതി എത്തിക്കുക. സോളാറും ഉറപ്പാക്കും. രണ്ട് കിലോ വാട്ടിന്റെ സോളാർ പാനലാണ് സ്ഥാപിക്കുക. ഉപയോഗശേഷമുള്ള വൈദ്യുതി കെ.എസ്.ഇബിക്ക് നൽകി ഗുണഭോക്താക്കൾക്ക് വരുമാനമുണ്ടാക്കാം. കുടിവെള്ള വിതരണവും കേബിൾ ഡപ്ത്തുകളിലൂടെ. 11.72 കിലോമീറ്ററാണ് ടൗൺഷിപ്പിലെ റോഡ്.
64.47 ഹെക്ടറിൽ നിർമ്മിക്കുന്നത് 410 വീടുകൾ
നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക്
9 വീടുകളുടെ കൂടി പ്രധാന കോൺക്രീറ്റിംങ്ങ് പൂർത്തിയായി.
331 വീടുകൾക്ക് ഇതുവരെ നിലമൊരുക്കി
231 വീടുകൾക്ക് അടിത്തറയായി
മാതൃകാ വീട് ഉൾപ്പെടെ 10 വീടിന്റെ പ്രധാന വാർപ്പ് പൂർത്തിയായി