ദാസേട്ടൻ @ 85

Saturday 25 October 2025 12:29 AM IST

പാലക്കാട്: ഗാനഗന്ധർവൻ ഡോ.കെ.ജെ.യേശുദാസിന് 85 വയസ് പൂർത്തിയായതിൽ അദ്ദേഹത്തോടുള്ള സ്‌നേഹാദരത്തിന്റെ ഭാഗമായി സ്വരലയ പാലക്കാട് 'ദാസേട്ടൻ @ 85' എന്ന പൂർണദിന പരിപാടി സംഘടിപ്പിക്കുന്നു. ചെമ്പൈ സ്മാരക സംഗീത കോളേജിൽ നാളെ രാവിലെ 10മുതൽ രാത്രി 8വരെയാണ് സംഗീത പരിപാടി ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംഗീതജ്ഞനായ രാഗതനം മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്യും. സ്വരലയ സെക്രട്ടറി ടി.ആർ.അജയൻ അദ്ധ്യക്ഷനാകും. ചലച്ചിത്ര സംവിധായകൻ വിനോദ് മങ്കര മുഖ്യാതിഥിയായി പങ്കെടുത്ത് യേശുദാസും മലയാള സംഗീതവും എന്ന പ്രഭാഷണം അവതരിപ്പിക്കും. പ്രൊഫ. കെ.മോഹൻദാസ്, മുൻ എസ്.പി കെ.വിജയൻ എന്നിവർ പങ്കെടുക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 70 ഗായകർ യേശുദാസിന്റെ 85 ഗാനങ്ങൾ അവതരിപ്പിക്കും.