ഒപ്പിടൽ ഫണ്ട് കിട്ടാനുള്ള തന്ത്രം: മന്ത്രി ശിവൻകുട്ടി കാലത്തിന് അനുസരിച്ച് നിലപാട് മാറും ദേശീയ വിദ്യാഭ്യാസ നയം പൂർണമായി അംഗീകരിക്കില്ല
തിരുവനന്തപുരം : എല്ലാകാലത്തും ഒരേ നിലപാടിൽ നിൽക്കാൻ കഴിയില്ലെന്നും കാലത്തിനനുസരിച്ച് മാറേണ്ടിവരുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സാഹചര്യം വാർത്താസമ്മേളനം നടത്തി വിശദീകരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രഫണ്ട് നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രമാണിത്.
പദ്ധതിയിൽ ഒപ്പിട്ടതുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയത്തെ (എൻ.ഇ.പി) പൂർണമായും അംഗീകരിക്കുന്നില്ല. തെറ്റായ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടം തുടരും. എൻ.ഇ.പിയിൽ ഇപ്പോൾ എന്താണ് പ്രശ്നം ?
ലോകമെമ്പാടും മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നു മാറിനിൽക്കാൻ കേരളത്തിന് കഴിയില്ല. കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാൽ നയങ്ങളിൽ മാറ്റം വരുത്തില്ലെന്ന് പറയാൻ കഴിയില്ല. ലോകബാങ്കിൽ നിന്നു ഫണ്ട് വാങ്ങില്ലെന്ന ഇടത് നയം തിരുത്തിയില്ലേ. വിദ്യാഭ്യാസം, ടൂറിസം, സ്വകാര്യവൽക്കരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിലപാടുകൾ മാറിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാകാലത്തും എൻ.ഇ.പിയുടെ പേരുപറഞ്ഞ് കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട കോടിക്കണക്കിന് രൂപ വേണ്ടെന്ന് വയ്ക്കാനാകില്ല.
ഡൽഹിയിൽ ചേർന്ന എൻ.സി.ഇ.ആർ.ടി ജനറൽ ബോഡി യോഗത്തിൽ, 20സംസ്ഥാനങ്ങളിലെ മന്ത്രിമാരുണ്ടായിരുന്നിട്ടും, കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംസാരിച്ചത് കേരളം മാത്രമാണ്. സർക്കാർ സ്ഥാപനങ്ങളെയും പൊതുഇടങ്ങളെയും വർഗീയവൽക്കരിക്കാനുള്ള രാജ്ഭവന്റെ നീക്കത്തെ നേരിട്ട് എതിർക്കുകയും ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്ത ഏക വിദ്യാഭ്യാസ മന്ത്രി കേരളത്തിന്റെതാണ്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ അതിജീവിച്ച് അവകാശങ്ങൾ നേടിയെടുക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി വിശദീകരിച്ചു.
കേന്ദ്രഭീഷണിക്കു വഴങ്ങിയോ?
അങ്ങനെയും ചിന്തിക്കാമെന്ന് മന്ത്രി
കേന്ദ്രത്തിന്റെ ഭീഷണിയ്ക്ക് വഴങ്ങിയോ എന്ന ചോദ്യത്തിന് നിങ്ങൾക്ക് വേണമെങ്കിൽ അങ്ങനെ ചിന്തിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഒപ്പിട്ടില്ലെങ്കിൽ പണം പാഴായിപ്പോകുന്നതുൾപ്പെടെയുള്ള കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. സമഗ്രശിക്ഷാ ഫണ്ടും തടഞ്ഞിരിക്കുകയാണ്.അതിനാൽ അടിയന്തരമായി തീരുമാനമെടുക്കുകയായിരുന്നു- മന്ത്രി പറഞ്ഞു.
ഉടൻ തരുന്നത്
1476.13 കോടി
(വർഷം, പി.എംശ്രീയിൽ തടഞ്ഞതുക കോടിയിൽ)
2023 – 24............................................................. 188.88
2024–25................................................................. 513.84കോടി
2025–26ൽ............................................................ 456.01 കോടി
പി.എംശ്രീയിൽ ആകെ തടഞ്ഞത്..............1158.13കോടി
കേന്ദ്രം ഉടൻ ലഭ്യമാക്കുന്നത്....................... 1476.13 കോടി
(പി.എംശ്രീയും സമഗ്രശിക്ഷ കുടിശ്ശികയും ചേർത്ത് തരുന്നത്)