പി.എം ശ്രീയോട് എതിർപ്പ്; ഫണ്ട് കിട്ടണം: എം.വി .ഗോവിന്ദൻ

Saturday 25 October 2025 1:43 AM IST

തിരുവനന്തപുരം: പി.എം ശ്രീപദ്ധതിയോട് സി.പി.എമ്മിനും ഇടതുപക്ഷത്തിനും ശക്തമായ എതിർപ്പുണ്ടെന്നും അതേ സമയം കേന്ദ്രത്തിൽ നിന്നു കിട്ടേണ്ട ഫണ്ട് വാങ്ങാതിരിക്കാനാവില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു

പല പദ്ധതികൾക്കും ഫണ്ട് നൽകുന്നതിന് കേന്ദ്രം മുന്നോട്ടു വയ്ക്കുന്ന നിബന്ധനകളോട് കടുത്ത എതിർപ്പാണ് സി.പി.എമ്മിനുള്ളത്. പി.എംശ്രീയിൽ സി.പി.ഐയുടെ എതിർപ്പ് ചർച്ച ചെയ്ത് പരിഹരിക്കും. നയപരമായി വിഷയങ്ങൾ ചർച്ച ചെയ്ത് ഇടതു മുന്നണി ശക്തമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗം, ഭവന നിർമാണം, ആരോഗ്യം, ധനകാര്യം അടക്കമുള്ള മേഖലകളിൽ കേന്ദ്രസർക്കാർ നിബന്ധനകൾ വയ്ക്കുകയാണ്. കോൺഗ്രസ് ഈ വിഷയത്തിൽ ഒരക്ഷരം മിണ്ടിയില്ല. കോൺഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും കരാറിൽ ഒപ്പു വച്ചിട്ടുണ്ട്. കേരളത്തിൽ അവർ സർക്കാരിനെതിരെ സമരത്തിന് ഇറങ്ങുകയാണ്. എൽ.ഡി.എഫ് സർക്കാരിനെ അടിക്കാൻ വടി കിട്ടിയാൽ പ്രയോഗിക്കാനാണ് നോക്കുന്നത്.

കേന്ദ്രത്തിന് വഴങ്ങിയെന്ന് പറയുന്നതിൽ അടിസ്ഥാനമില്ല. രാജ്യത്തെ ജനങ്ങളുടെ പണമാണ്. മോദിയുടെയോ ബി.ജെ.പിയുടെയോ പണമല്ല.

സർക്കാരിന് ഫണ്ട് ലഭിക്കേണ്ടത് ആവശ്യമാണ്. കടും പിടുത്തം പിടിക്കേണ്ട കാര്യമില്ല. പി.എം ശ്രീപദ്ധതിയിൽ ഒപ്പു വച്ചത് ഭരണപരമായ കാര്യമാണ്. അതേക്കുറിച്ച് കൂടുതൽ ചോദിക്കേണ്ടത് മന്ത്രിയോടാണ്. ഇടതു മുന്നണിയുടെ എല്ലാ നയങ്ങളും നടപ്പാക്കുന്ന സർക്കാരാണ് ഇതെന്ന് തെറ്റിദ്ധരിക്കരുത്. ഇടതുപക്ഷം ഉയർത്തുന്ന പല മുദ്രാവാക്യങ്ങളും നടപ്പാക്കുന്നതിന് ഭരണപരമായ പല പരിമിതികളുമുണ്ട്.സി.പി.ഐക്കെതിരെ താൻ പറഞ്ഞത് മാദ്ധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. താൻ പ്രതികരിക്കാനില്ലെന്നു പറഞ്ഞ് നടന്നു പോകുമ്പോഴാണ് സി.പി.ഐയുമായി ബന്ധപ്പെടുത്തി മാദ്ധ്യമങ്ങൾ ചോദിച്ചത്. അപ്പോൾ താൻ പറഞ്ഞ മറുപടിയാണ് അസംബന്ധമായ വാർത്തയാക്കിയതെന്നും ഗോവിന്ദൻ പറഞ്ഞു.