പിഎം ശ്രീ ഒപ്പിട്ടത് മുന്നണി മര്യാദയുടെ ലംഘനം ; ഇതെന്ത് മര്യാദ, തുറന്നടിച്ച് സി.പി.ഐ
തിരുവനന്തപുരം: ഘടകകക്ഷികളെ ഇരുട്ടിൽ നിറുത്തി കേന്ദ്രത്തിന്റെ പി.എംശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ രൂക്ഷ വിമർശനം. ഇതെന്തു സർക്കാരെന്ന് വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.
മന്ത്രിസഭായോഗം ബഹിഷ്കരിക്കുമെന്നും മന്ത്രിമാരെ പിൻവലിക്കുമെന്നും അഭ്യൂഹം ശക്തമായി. 27ന് ആലപ്പുഴയിൽ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ അന്തിമ തീരുമാനമെടുക്കും. പ്രതിഷേധം പരസ്യമാക്കിയ സ്ഥിതിക്ക് ഏതറ്റംവരെ സി.പി.ഐ പോകുമെന്നതാണ് നിർണായകം.
മുന്നണിയിൽ ആലോചിക്കാതെ പദ്ധതിയിൽ ഒപ്പിട്ടതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് ബിനോയ് വിശ്വം പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജയ്ക്ക് കത്തയച്ചു. ഗൂഢാലോചന ഉണ്ടെന്ന ആരോപണവും കത്തിൽ ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇതേതുടർന്ന്, പിൻമാറണമെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയടക്കം ആവശ്യപ്പെട്ടെങ്കിലും സാദ്ധ്യമല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി.പി.എം സംസ്ഥാന നേതൃത്വവും സർക്കാരും.
ആദ്യം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ന്യായീകരണവുമായി രംഗത്തുവന്നു.
കുട്ടികൾക്ക് അർഹമായ ഒരു രൂപ പോലും നഷ്ടപ്പെടുത്താൻ തയ്യാറല്ലെന്നാണ് ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പി.എം ശ്രീയിലെ നിബന്ധനകൾക്ക് സി.പി.എം എതിരാണെങ്കിലും അർഹമായ പണം കിട്ടിയേ തീരൂ എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വ്യക്തമാക്കി. സി.പി.ഐയെ അനുനയിപ്പിക്കുമെന്നാണ് സി.പി.എം സെക്രട്ടറി പറയുന്നത്.
അതേസമയം, നിലപാടിൽ ഉറച്ചുനിൽക്കാനും വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുമാണ് അടിയന്തരമായി ചേർന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.
സി.പി.ഐയുടെ വിദ്യാർത്ഥി , യുവജന വിഭാഗങ്ങളായ എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും പ്രക്ഷോഭവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. സി.പി.എം വിദ്യാർത്ഥി വിഭാഗമായ എസ്.എഫ്.ഐയ്ക്കും എതിർപ്പുണ്ട്.
ഒപ്പിടാനുള്ള സാഹചര്യമെന്ത്
(കൺവീനറോട് ബിനോയ്)
#പിന്മാറണമെന്നും മുന്നണിയിൽ ചർച്ച ചെയ്യാതെ ഒപ്പുവച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും കാട്ടി എൽ.ഡി.എഫ് കൺവീനർക്കും ഘടകകക്ഷികൾക്കും ബിനോയ് വിശ്വം കത്തു നൽകി. ചർച്ച ചെയ്യാതെ ഒപ്പിടുന്ന സാഹചര്യം എങ്ങനെ ഉണ്ടായി എന്നതാണ് കത്തിലെ ചോദ്യം.മറ്റു ഘടകക്ഷികൾ പരസ്യ പ്രതികരണം നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയം.
# പുതുക്കി പണിത എം.എൻ സ്മാരകത്തിൽ ചേർന്ന ഇടതു മുന്നണി യോഗത്തിൽ മുഖ്യമന്ത്രി ഈ വിഷയം അവതരിപ്പിച്ചിരുന്നതായി സൂചന. ബിനോയ് വിശ്വം, മന്ത്രി കെ.രാജൻ, മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ എന്നിവർ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് മന്ത്രിസഭാ യോഗത്തിൽ വന്നെങ്കിലും പരിഗണിച്ചില്ല
സി.പി.ഐക്ക്
മുന്നിൽ
1.മന്ത്രി സഭാ യോഗങ്ങളിൽ പങ്കെടുക്കരുതെന്ന് മന്ത്രിമാർക്ക് സി.പി.ഐ നിർദേശം നൽകിയേക്കാം
2. മന്ത്രിമാരെ പിൻവലിക്കാം. അതിന് സംസ്ഥാന കൗൺസിലിന്റെ അംഗീകാരം വേണം
3.നിലപാടിൽ നിന്ന് പിന്നാക്കം പോകണമെങ്കിലും സംസ്ഥാന കൗൺസിലിന്റെ അനുമതി വേണം