അയ്യന്റെ സ്വർണം പോറ്റി ബെല്ലാരി ജുവലറിയിൽ വിറ്റു

Saturday 25 October 2025 12:23 AM IST

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വർണപ്പാളികളിലെ സ്വർണം കർണാടകത്തിലെ സ്വർണവ്യാപാരിക്ക് ഉണ്ണികൃഷ്ണൻ പോറ്റി വിറ്റു. ബെല്ലാരിയിലെ ​ഗോവർദ്ധനാണ് സ്വർണം വാങ്ങിയത്. ഇയാളുടെ മൊഴി രേഖപ്പെടുത്തി. പോറ്റിയുമായി തെളിവെടുപ്പിന് പ്രത്യേക അന്വേഷണ സംഘം കർണാടകയിലേക്ക് പോയി.

ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിൽപ്പനയ്ക്ക് കൊണ്ടുവന്നെന്നാണ് ഗോവർദ്ധൻ മൊഴി നൽകിയത്. സ്വർണം വിറ്റതായി പോറ്റിയും സമ്മതിച്ചു. പോറ്റിയുടെ സുഹൃത്താണ് ബെല്ലാരിയിലെ റോഡം ജുവലറി ഉടമയായ ഗോവർദ്ധൻ. ശാന്തിക്കാരനായിരിക്കെ ശ്രീറാംപുരിയിലെ അയ്യപ്പ ക്ഷേത്രത്തിൽ വച്ചാണ് പോറ്റിയെ പരിച്ചയപ്പെടുന്നത്. ശബരിമലയിലെ കീഴ്ശാന്തിയുടെ പരികർമ്മിയും പിന്നീട് സ്പോൺസറുമായി പോറ്റി എത്തിയപ്പോഴും സൗഹൃദം തുടർന്നു.

ഗോവർദ്ധൻ എന്ന

കൽപ്പേഷ്?

സ്വർണം കണ്ടെടുക്കാനായാൽ കേസ് ബലപ്പെടും. വേർതിരിച്ച സ്വർണം പോറ്റിയുടെ നിർദ്ദേശ പ്രകാരം കൽപ്പേഷ് എന്നയാളിന് നൽകിയെന്നാണ് സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. ഗോവർദ്ധൻ തന്നെയാണോ കൽപേഷ് എന്നതിലാണ് ഇനി വ്യക്തത വരേണ്ടത്. കൽപ്പേഷിനെ തേടിയുള്ള അന്വേഷണമാണ് ഗോവർദ്ധനിലെത്തിയത്. പോറ്റിയുടെ ബംഗളുരുവിലെ വസതിയിലും സ്വർണപ്പാളികൾ പ്രദർശിപ്പിച്ച് പണം വാങ്ങിയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തും. സ്വർണ വിൽപ്പനയിലൂടെ ലഭിച്ച പണത്തിന്റെ ഒരു പങ്ക് പോറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്.