ഉപഭോക്താക്കളെ വലച്ച് ചെക്ക് ക്ളിയറിംഗ് വൈകുന്നു
Saturday 25 October 2025 12:35 AM IST
പ്രതിദിന ക്ളിയറൻസിൽ വ്യാപക തകരാർ
കൊച്ചി: റിസർവ് ബാങ്ക് പ്രതിദിന ചെക്ക് ക്ളിയറിംഗ് സംവിധാനം ആരംഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ഉപഭോക്താക്കളുടെ ആവലാതികൾ ഒഴിയുന്നില്ല. നേരത്തെ തൊട്ടടുത്ത ദിവസം പാസായിരുന്ന ചെക്കുകൾ ഇപ്പോൾ അഞ്ച് ദിവസം വരെ വൈകിയാണ് ക്ളിയറിംഗ് നടക്കുന്നത്. ചെക്ക് ക്ളിയറിംഗ് സംവിധാനത്തിൽ ഇപ്പോഴും ചില സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ(എൻ.പി.സി.എൽ) വ്യക്തമാക്കി. മണിക്കൂറുകൾക്കുള്ളിൽ ചെക്ക് ക്ളിയറൻസ് നടത്താനുള്ള സംവിധാനം ഒക്‌ടോബർ നാലിനാണ് എൻ.പി.സി.എൽ ആരംഭിച്ചത്. ഭൂരിപക്ഷം ചെക്കുകളും കൃത്യമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞുവെന്നും അവർ പറയുന്നു. താമസിയാതെ എല്ലാ ഉപഭോക്താക്കൾക്കും പ്രതിദിന ക്ളിയറൻസ് സംവിധാനം ലഭ്യമാകുമെന്നും എൻ.പി.സി.എൽ പത്രക്കുറിപ്പിൽ അറിയിച്ചു.