അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ യുനെസ്കോ ചെയർ

Saturday 25 October 2025 12:40 AM IST

കൊല്ലം: വിദ്യാഭ്യാസ മേഖലയിലെ സഹായ സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുനെസ്കോയുടെയും അമൃത വിശ്വവിദ്യാപീഠത്തിന്റെയും നേതൃത്വത്തിൽ യുനെസ്കോ ചെയർ ഓൺ അസിസ്റ്റീവ് ടെക്‌നോളജി ഇൻ എഡ്യൂക്കേഷൻ അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ പ്രവർത്തനമാരംഭിച്ചു. ഒരേസമയം മൂന്ന് യുനെസ്‌കോ ചെയറുകൾ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാലയായി ഇതോടെ അമൃത മാറി. വൈകല്യമുള്ളവർക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും സാദ്ധ്യതകളും ഒരുക്കുന്നതിനാണ് യുനെസ്കോ ചെയർ ഓൺ അസിസ്റ്റീവ് ടെക്‌നോളജി ഇൻ എഡ്യൂക്കേഷൻ ലക്ഷ്യമിടുന്നത്. യുനെസ്കോയുടെ യൂണിട്വിൻ യുനെസ്കോ ചെയേഴ്സ് പ്രോഗ്രാമിന്റെ കരാറിൽ യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസുലേയും അമൃത വിശ്വവിദ്യാപീഠം വൈസ് ചാൻസലർ ഡോ. പി വെങ്കട്ട് രങ്കനും ഒപ്പുവച്ചു. 2029 ജൂൺ വരെ പ്രാബല്യത്തിൽ നിൽക്കുന്ന ഈ ചെയറിന് അമൃത സർവകലാശാല സ്‌കൂൾ ഒഫ് ബിസിനസ് വിഭാഗം ഡീൻ ഡോ. രഘു രാമൻ, സ്‌കൂൾ ഒഫ് കമ്പ്യൂട്ടിംഗ് വിഭാഗം അസോസിയേറ്റ് ഡീൻ ഡോ. പ്രേമ നെടുങ്ങാടി എന്നിവർ അധ്യക്ഷരാകും. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് അടിസ്ഥാനമാക്കിയ ചാറ്റ് ബോട്ടുകൾ, ഇന്ത്യൻ സൈൻ ലാംഗ്വേജ്, വീഡിയോ തിരിച്ചറിയൽ സംവിധാനങ്ങൾ, ഓഡിയോ വിവരണ ഉപകരണങ്ങൾ എന്നിവ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കാണ് ചെയർ പ്രധാനമായും പ്രാമുഖ്യം നൽകുന്നത്.