വഴിയില്ലാതെ എങ്ങനെ കോളേജിൽ കയറും!

Saturday 25 October 2025 12:51 AM IST

തൃപ്പൂണിത്തുറ: എല്ലാ സൗകര്യവുമുള്ള മൂന്നു നില മന്ദിരം. തൃപ്പൂണിത്തുറ ഗവ.കോളേജിന്റേതാണ്. 15 കോടി പ്രോജക്ടിന്റെ ആദ്യ നിർമ്മിതി. പൂർത്തിയായിട്ട് വർഷം മൂന്നായി. പക്ഷേ, ഇവിടെ എത്താൻ വഴി മാത്രമില്ല. ആയിരത്തിലേറെ കുട്ടികൾ പൊട്ടിപ്പൊളിഞ്ഞ പഴയ കെട്ടിടത്തിൽ തുടരുന്നു.

ചതുപ്പുനിലം നികത്തിയായിരുന്നു നിർമ്മാണം. കെട്ടിടത്തിനു ചുറ്റും ചെളിക്കുഴികൾ. കുറ്റിക്കാടും നിറഞ്ഞു. കോണോത്തു പുഴയോട് ചേർന്ന് എട്ടേക്കറാണ് കോളേജ് കോംപ്ളക്സിനായി കണ്ടെത്തിയത്. പൂർത്തിയായ കെട്ടത്തിന് 50,000 ചതുരശ്ര അടി വിസ്തൃതിയുണ്ട്.

പരിസരത്തെ താമസക്കാരുടെ സ്ഥലത്തുകൂടി 6മീറ്റർ വീതിയിൽ താത്കാലിക വഴിനടപ്പവകാശം (ഈസ്‌മെന്റ് റൈറ്റ്) തരപ്പെടുത്തിയാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. നിയമാനുസൃത വഴിക്കായി കാത്തിരിപ്പ് തുടരുന്നു. 1982ൽ രൂപീകരിച്ച കോളേജ് വികസന സമിതിയാണ് 1.25 ലക്ഷം രൂപയ്‌ക്ക് ചതുപ്പുനിലം വാങ്ങിയത്. മാലിന്യം നിക്ഷേപിച്ച് നികത്താൻ നഗരസഭയ്‌ക്കു കൈമാറി. ഒരു ലോഡ് മാലിന്യത്തിന് ഒരു ലോഡ് മണ്ണ് എന്നതായിരുന്നു വ്യവസ്ഥ.നഗരസഭ ബഡ്ജറ്റിൽ തുകയും വകയിരുത്തി. മാലിന്യമല്ലാതെ മണ്ണ് കൊണ്ടുവരുന്നത് കണ്ടിട്ടില്ലെന്ന് സമീപവാസികൾ പറയുന്നു.

രണ്ടാം ഘട്ടമായി മൂന്നു നിലകൾ വീതമുള്ള ബോയ്‌സ്, ഗേൾസ് ഹോസ്റ്റലുകൾ, നാലുനില സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ഫുട്‌ബോൾ ഗ്രൗണ്ട് എന്നിവയുടെ പ്ലാൻ തയ്യാറാക്കി. പക്ഷേ, വഴിയില്ലാതെ ഇവ കൂടി കെട്ടിപ്പൊക്കിയിട്ടെന്തു കാര്യം.

തീരാതെ നിയമ തടസം തങ്ങളുടെ വസ്തു പുരയിടമാക്കാൻ അനുവദിച്ചാൽ വഴി നൽകാമെന്നാണ് സമീപത്തെ ഉടമകളുടെ നിലപാട്. ജില്ലാ കളക്ടർ താമസക്കാരുടെ അസോസിയേഷനുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. 1996ൽ 5.5 ഏക്കർ ചതുപ്പ് നികത്തി വീടുവയ്‌ക്കാൻ നൽകിയ അനുമതി നഗരസഭ പിൻവലിച്ചെന്നും ഉടമകൾ പറയുന്നു.

പകരം വഴി തേടുന്നു സമീപത്തെ വില്ല പ്രോജക്ടിന്റെ 15 സെന്റ് സ്ഥലം ഏറ്റെടുത്ത് വഴിയൊരുക്കാനുള്ള റിപ്പോർട്ട് സർക്കാരിന് നൽകിയിട്ടുണ്ട്. മന്ത്രി ആർ.ബിന്ദു പ്രദേശം സന്ദർശിച്ച് വഴി ഏറ്റെടുക്കുന്നതിന്റെ സാദ്ധ്യതകൾ തേടിയിരുന്നു.