മാനവേദ സുവർണ മുദ്ര വി.എം.സുധാകരന്; വാസു നെടുങ്ങാടി എൻഡോവ്മെന്റ് കെ.എം.മനീഷിന്

Saturday 25 October 2025 1:53 AM IST

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരന്മാർക്ക് നൽകുന്ന ശ്രീമാനവേദ സുവർണമുദ്ര, ഇടയ്ക്ക കലാകാരൻ വി.എം.സുധാകരനും (പല്ലശന സുധാകരൻ) വാസു നെടുങ്ങാടി എൻഡോവ്‌മെന്റ് പുരസ്‌കാരം വേഷം കലാകാരൻ കെ.എം.മനീഷിനും നൽകും. ഒരു പവൻ തൂക്കം വരുന്ന ശ്രീഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത സ്വർണ്ണപ്പതക്കമാണ് ശ്രീമാനവേദ സുവർണമുദ്ര. ഒക്ടോ. 2 മുതൽ 10വരെയുളള കൃഷ്ണനാട്ടം അരങ്ങുകളിയിലെ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം. ഡോ.പി.നാരായണൻ നമ്പൂതിരി, ഡോ.എം.വി.നാരായണൻ,പി.ടി.ദാമോദരബാബു എന്നിവരുൾപ്പെട്ട പുരസ്‌കാര നിർണയ സമിതിയാണ് തിരഞ്ഞെടുത്തത്. പുരസ്‌കാരണ നിർണയ സമിതിയുടെ ശുപാർശ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന ദേവസ്വം ഭരണസമിതി അംഗീകരിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളും പങ്കെടുത്തു. പ്രോത്സാഹനത്തിന് വേഷം വിഭാഗത്തിൽ നിന്ന് എ.പി.സത്യനാഥൻ, എ.ഗോകുൽ, മധുസൂദനൻ എന്നിവരും പി.ജി.ഹരിപ്രസാദ് (പാട്ട്), അഭിഷേക് വർമ്മ(ശുദ്ധമദ്ദളം), ഗൗതം കൃഷ്ണ(തൊപ്പി മദ്ദളം), എസ്.സുമേഷ് (ചുട്ടി), കെ.കെ.അഭിലാഷ്(അണിയറ) എന്നിവരെയും തിരഞ്ഞെടുത്തു. കൃഷ്ണഗീതി ദിനമായ നവം.16ന് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലെ സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.