പി.എം- ഉഷ: കേരളം ഒപ്പിട്ട് പണം വാങ്ങി; സിലബസും നയവും മാറ്റിയില്ല

Saturday 25 October 2025 12:54 AM IST

തിരുവനന്തപുരം: കേന്ദ്ര വ്യവസ്ഥകൾ അംഗീകരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കുള്ള പി.എം-ഉഷ പദ്ധതിയിൽ ഒപ്പിട്ടെങ്കിലും കേന്ദ്ര സിലബസും നയങ്ങളും കേരളം സ്വീകരിച്ചില്ല. യു.ജി.സിയുടെ മാതൃകാ പാഠ്യപദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് കേന്ദ്രത്തെ അറിയിച്ചുഎന്നിട്ടും കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് 100 കോടി വീതം അടക്കം 405കോടിയുടെ സഹായം കഴിഞ്ഞ വർഷം ലഭിച്ചു.

കേന്ദ്ര വിദ്യാഭ്യാസ നയം അംഗീകരിക്കാതെ പി.എം-ഉഷയുടെ ധാരണാപത്രം കേരളം ഒപ്പിട്ടയച്ചെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല. ആദ്യഘട്ടത്തിൽ കേരളത്തിന് പണം നൽകിയതുമില്ല. അർഹമായ സഹായം നഷ്ടമാവാതിരിക്കാൻ പിന്നീട് കേന്ദ്രനയം അംഗീകരിച്ച് ധാരണാപത്രം ഒപ്പിടുകയായിരുന്നു. പിന്നാലെ പണം അനുവദിച്ചു.

നാലു വർഷ ബിരുദം നടപ്പാക്കണമെന്ന കേന്ദ്രനിർദ്ദേശം മാത്രമാണ് കേരളം അംഗീകരിച്ചത്. പിന്നാലെ 9വിഷയങ്ങളിലെ മാതൃകാ പാഠ്യപദ്ധതി കേന്ദ്രം കൈമാറി. ഇതേക്കുറിച്ച് പഠിക്കാൻ പ്രൊഫ.പ്രഭാത് പട്നായിക് അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ഹിന്ദുത്വ, പുരാണ സങ്കൽപങ്ങളും ആശയങ്ങളും കുത്തിനിറച്ച പാഠ്യപദ്ധതി സർവകലാശാലകളുടെ സ്വയംഭരണത്തെ ബാധിക്കുമെന്നും, കേരളത്തിൽ നടപ്പാക്കില്ലെന്നും മന്ത്രി ആർ.ബിന്ദു കേന്ദ്രത്തെ അറിയിച്ചു. ഇതിനായി പിന്നീട് കേന്ദ്രം നിർബന്ധം പിടിച്ചതുമില്ല.

അക്കാഡമിക് വിദഗ്ദ്ധരല്ലാത്ത രാഷ്ട്രീയക്കാർക്കും വ്യവസായികൾക്കും സർവകലാശാലകളുടെ വൈസ്ചാൻസലറാവാൻ വഴിയൊരുക്കുന്ന യു.ജി.സിയുടെ കരടു നയവും കേരളം തള്ളിക്കളഞ്ഞു. സംസ്ഥാനങ്ങളുടെ അവകാശങ്ങളിലുള്ള കടന്നു കയറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തെഴുതി. ഗവർണറുടെ എതിർപ്പ് വകവയ്ക്കാതെ തമിഴ്നാട്,കർണാടക,തെലങ്കാന സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ച് യു.ജി.സിക്കെതിരേ കൺവെൻഷൻ നടത്തി. സുപ്രീംകോടതിയിൽ പോവുമെന്നും പ്രഖ്യാപിച്ചു.

പഠിപ്പിക്കുന്നത്

സ്വന്തം സിലബസ്

എല്ലാ സർവകലാശാലകളിലും സ്വന്തമായി തയ്യാറാക്കിയ സിലബസാണുള്ളത്. ജോലിക്കും ഉപരിപഠനത്തിനുമുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും വിധം നാലുവർഷ ബിരുദത്തിനായി അടുത്തിടെ സിലബസ് പരിഷ്കരിച്ചു.

 കേരളാ സ്റ്റഡീസ് സിലബസിലുൾപ്പെടുത്തി. ആഗോള തൊഴിലവസരങ്ങൾക്കും മത്സര പരീക്ഷകൾക്കും ഉപകാരപ്പെടുന്നതാണ് പുതിയ ബിരുദ സിലബസ്.

ഓരോ സർവകലാശാലയിലും ഓരോ വിഷയത്തിനും ചുമതലയുള്ള ബോർഡ് ഒഫ് സ്റ്റഡീസാണ് ഉള്ളടക്കം തീരുമാനിക്കുന്നത്. ഇതിനുള്ള പൊതുമാനദണ്ഡം സർക്കാർ നൽകും.

സർവകലാശാലകൾ, സർക്കാർ-എയ്ഡഡ്-സ്വയംഭരണ കോളേജുകൾ എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിനും അദ്ധ്യാപക പരിശീലനത്തിനും ഗവേഷണത്തിനുമാണ് പി.എം-ഉഷയിൽ നിന്നുള്ള പണം. 60%കേന്ദ്രത്തിന്റെയും 40%സംസ്ഥാനത്തിന്റെയും വിഹിതമാണ്. കോളേജുകൾക്ക് 5 കോടിവീതം കിട്ടും.