പ്രാഥമികാരോഗ്യ കേന്ദ്രം അവഗണനയിൽ, തോട്ടപ്പുഴശേരിക്കാർ മടുത്തു പഴയ സ്കൂളിലെ ചികിത്സ

Saturday 25 October 2025 12:00 AM IST

കോഴഞ്ചേരി : 2005ൽ പുളിമുക്കിലുള്ള കുറിയന്നൂർ ഗവ.എൽ.പി സ്കൂളിന്റെ പ്രവർത്തനം നിലച്ചപ്പോൾ അവിടെ തുടങ്ങിയ പ്രാഥമികാരോഗ്യകേന്ദ്രത്തിന് ഇനിയും ആരോഗ്യം വീണ്ടെടുക്കാനായില്ല. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ആരോഗ്യകേന്ദ്രം സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റുമ്പോൾ കൂടുതൽ സൗകര്യമൊരുക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ.

വിദ്യാഭ്യാസവകുപ്പിന്റെ സ്ഥലവും കെട്ടിടവും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് വേണ്ടി പഞ്ചായത്തിന് വിട്ടുനല്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ല. റോഡ് നിരപ്പിൽ നിന്ന് ഉയർന്ന് നിലകൊള്ളുന്ന കെട്ടിടത്തിൽ പ്രവേശിക്കാൻ 30 പടികൾ കയറേണ്ടിവരുന്നത് വൃദ്ധരെയും രോഗികളേയും ഏറെ വലയ്ക്കുന്നു. കിണർ ഇല്ലാത്തതിനാൽ പൈപ്പുലൈനിനെ ആശ്രയിക്കേണ്ടി വരുന്നത് ദുരിതമാണ്. നാല് സബ് സെന്ററുകൾ ഈ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്തതും പ്രവർത്തനത്തെ ബാധിക്കുന്നു. ഒരു ഡോക്ടർ മാത്രമാണുള്ളത്. മറ്റ് ഔദ്യോഗികാവശ്യങ്ങൾക്ക് ഡോക്ടർ പോയാൽ ചികിത്സമുടങ്ങും. രണ്ട് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ ഒഴിവ് നികത്താതെ കിടക്കുകയാണ്.

1.43 കോടി അനുവദിച്ചിട്ടും ദുർഗതി

പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ രൂപകല്പനയില്ലാത്ത സ്കൂൾ കെട്ടിടത്തിലെ പ്രവർത്തനം ഒഴിവാക്കാൻ പുതിയ കെട്ടിടം ആവശ്യമാണെന്നിരിക്കെ പതിനഞ്ചാം ധനകാര്യ കമ്മിഷൻ

1.43 കോടി രൂപ അനുവദിച്ചിട്ടും ഉപയോഗിക്കാനായിട്ടില്ല. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാനായി അനുവദിക്കപ്പെട്ട തുകയാണിത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പഞ്ചായത്തിന് കൈമാറാത്തതാണ് തടസത്തിന് കാരണം.

രാജ്യത്തിന് മാതൃകയായ കേരള മോഡൽ ആരോഗ്യനയം നടപ്പിലാക്കുന്ന ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണ് അനാരാഗ്യം പേറുന്ന പ്രാഥമിക ആരോഗ്യകേന്ദ്രമുള്ളത്.

പരിഹാരമില്ലാതെ ശുദ്ധജല പ്രശ്നം,

ആരോഗ്യകേന്ദ്രത്തിൽ എത്തണമെങ്കിൽ

30പടികൾ കയറണം, ജീവനക്കാരുടെ കുറവും