പ്രേംനസീർ സുഹൃത് സമിതി പുരസ്കാരം സുധർമ്മദാസിനും റഫീഖിനും
തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതിയും അരീക്കൽ ആയുർവേദ ആശുപത്രിയും ഏർപ്പെടുത്തിയ 7-ാമത് അച്ചടി- ദൃശ്യ മാദ്ധ്യമ പുരസ്കാരത്തിന് കേരളകൗമുദി കൊച്ചി യൂണിറ്റിലെ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസും തിരുവനന്തപുരം പ്രാദേശിക റിപ്പോർട്ടർ എം.റഫീഖും അർഹരായി. യാത്രക്കാരെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങൾ സജീവം, കേരംതിങ്ങും കേരളനാട് ഓർമ്മകൾ മാത്രം, ശുദ്ധീകരിച്ച വെള്ളത്തിനും ഖരമാലിന്യത്തിനും ആവശ്യക്കാരില്ല എന്നീ വാർത്തകൾക്കാണ് റഫീഖിനെ മികച്ച ന്യൂസ് റിപ്പോർട്ടറായി തിരഞ്ഞെടുത്തത്. മസ്തിഷ്കമരണം സംഭവിച്ച മകന്റെ കൈകൾ മറ്റൊരു യുവാവിന് മാറ്റിവയ്ക്കപ്പെട്ടപ്പോൾ കാണാനെത്തിയ മാതാപിതാക്കളുടെ നൊമ്പരം ഒപ്പിയെടുത്ത ചിത്രവും ശക്തമായി കാറ്റടിച്ച് ഭിന്നശേഷിക്കാരന്റെ വാഹനം തെറിച്ചുപോകാതിരിക്കാൻ സഹായിക്കുന്ന യുവാവിന്റെ ചിത്രവുമാണ് സുധർമ്മദാസിനെ അവാർഡിന് അർഹനാക്കിയത്.
സമഗ്ര സംഭാവനയ്ക്കുള്ള പ്രേംനസീർ മാദ്ധ്യമ പുരസ്കാരം പ്രേംചന്ദിനും ദൃശ്യമാദ്ധ്യമ പുരസ്കാരം ദൂരദർശൻ വാർത്താ അവതാരികയായിരുന്ന ഹേമലതയ്ക്കും നൽകും. ഫലകവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം നവംബർ 1ന് വൈകിട്ട് 5.30ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ശെമ്മാങ്കുടി ഹാളിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് ബി.കെമാൽപാഷ വിതരണം ചെയ്യും. മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷത വഹിക്കും. മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രേംനസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, ജനറൽ സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ജൂറി ചെയർമാൻ ഡോ.പ്രമോദ് പയ്യന്നൂർ,ജൂറി മെമ്പർമാരായ എസ്.രാധാകൃഷ്ണൻ,ബീന രഞ്ജിനി, സി.വി.പ്രേംകുമാർ,അരീക്കൽ ആയുർവേദ ആശുപത്രി എം.ഡി ഡോ.സ്മിത്ത് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫോട്ടോ:
1. എൻ.ആർ.സുധർമ്മദാസ്
2. എം.റഫീഖ്