രാഷ്ട്രനിർമ്മിതിയിൽ മലയാളി വനിതകളുടെ പങ്ക് നിസ്‌തുലം: രാഷ്ട്രപതി ദ്രൗപദി മുർമു

Saturday 25 October 2025 12:13 AM IST

കൊച്ചി: രാഷ്ട്രനിർമ്മിതിയിലും സാമൂഹിക,​ നിയമം തുടങ്ങിയ മേഖലകളിലും മലയാളിവനിതകൾ വഹിച്ച പങ്ക് അതുല്യവും നിർണായകവുമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 2047ൽ ഇന്ത്യയെ വികസിതരാജ്യമായി മാറ്റാൻ മലയാളി യുവവിദ്യാർത്ഥി തലമുറയ്‌ക്ക് കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ട്. എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ഭരണഘടന അസംബ്ലിയിലെ 15 അസാധാരണ വനിതാഅംഗങ്ങൾ ഇന്ത്യയുടെ ഭരണഘടന രൂപീകരണത്തിന് സമ്പന്നമായ കാഴ്ചപ്പാടുകൾ നൽകി. 15 മികച്ച വനിതകളിൽ മൂന്നുപേർ കേരളത്തിൽ നിന്നുള്ളവരായിരുന്നു. അമ്മു സ്വാമിനാഥൻ,ആനി മസ്‌ക്രീൻ, ദാക്ഷായണി വേലായുധൻ എന്നിവർ മൗലികാവകാശങ്ങൾ, സാമൂഹികനീതി, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിലെ ചർച്ചകളെയും നിരവധി പ്രധാനമേഖലകളേയും സ്വാധീനിച്ചു.

രാജ്യത്തെ ജനസംഖ്യാപരമായ നേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ സ്ത്രീകളുടെ സജീവപങ്കാളിത്തം ആവശ്യമാണ്. കഴിഞ്ഞ ദശകത്തിൽ കേന്ദ്രബഡ്‌ജറ്റിലെ ലിംഗാടിസ്ഥാനത്തിലുള്ള വിഹിതം നാലരമടങ്ങ് വർദ്ധിച്ചു. 2011നും 2024നുമിടയിൽ സ്ത്രീകൾ നയിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഇരട്ടിയായി. 2047ൽ വികസിതഭാരതം കൈവരിക്കാനുള്ള പ്രധാനദൗത്യം 70ശതമാനം വനിതാതൊഴിൽശക്തി പങ്കാളിത്തം കൈവരിക്കുകയാണ്. വ്യത്യസ്ത സാമൂഹിക സാമ്പത്തിക വിഭാഗങ്ങളിലെ സ്ത്രീകൾ രാജ്യപുരോഗതിയെ നയിക്കുന്നു. സിവിൽ സർവീസ്,നയതന്ത്രം,ശാസ്ത്രസാങ്കേതികവിദ്യ,വിദ്യാഭ്യാസം,വ്യോമയാനം,ബിസിനസ് സംരംഭങ്ങൾ,ആരോഗ്യം,നിയമം,സാമൂഹികസേവനം തുടങ്ങിയ മേഖലകളിൽ രാഷ്ട്രത്തിന് സേവനം നൽകുന്ന പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ കോളേജിലുണ്ടെന്നത് സന്തോഷകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി,സംസ്ഥാന മന്ത്രിമാരായ പി. രാജീവ്, വി.എൻ.വാസവൻ,ഹൈബി ഈഡൻ എം.പി, ടി.ജെ.വിനോദ് എം.എൽ.എ, കോളേജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫ്,വരാപ്പുഴ അതിരൂപതാ സഹായമെത്രാൻ ഡോ. ആന്റണി വാളുങ്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.